അമ്പലപ്പുഴ: ആലപ്പുഴ നീര്‍ക്കുന്നം കടപ്പുറം തീരത്തടിഞ്ഞ കൂറ്റന്‍ ഡോക്കിലെ രണ്ടു ജീവനക്കാരെ രക്ഷിച്ചു.തിങ്കളാഴ്ചയാണ് സംഭവം. കടല്‍തീരത്ത് അടിഞ്ഞ കൂറ്റന്‍ ഡോക്കില്‍ കുടുങ്ങിക്കിടന്ന രണ്ടു ജീവനക്കാരെ ഹെലിക്കോപ്റ്ററുപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് ഏറെ പരിശ്രമിച്ച് ഇവരെ രക്ഷപ്പെടുത്തിയത്. കൊച്ചിയില്‍ നിന്നെത്തിയ നാവിക സേനയുടെ ഹെലിക്കോപ്റ്ററിലാണ് ഇന്തോനേഷ്യക്കാരായ ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഇവരെ എമിഗ്രേഷന്‍ പരിശോധനക്കായി കൊച്ചിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്.
മലേഷ്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി അബുദബിയിലേക്ക് കൊണ്ടുപോയ ഡോക്കിനെ കപ്പലുമായി ബന്ധിപ്പിച്ചിരുന്ന വടം പൊട്ടിയതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് നിഗമനം. തുടര്‍ന്ന് പുറംകടലില്‍ ഒഴുകി നടന്ന ഡോക്ക് മണിക്കൂറുകള്‍ക്കു ശേഷം നീര്‍ക്കുന്നം തീരത്ത് എത്തുകയായിരുന്നു. ഡോക്കിനെ ബന്ധിപ്പിച്ചിരുന്ന കപ്പല്‍ ഏഴു ജീവനക്കാരുമായി പുറംകടലിലാണ്. കടല്‍ ഭിത്തിയോട് ചേര്‍ന്നു കിടക്കുന്ന ഡോക്ക് ഇവിടെ നിന്ന് കൊണ്ടു പോകാനുളള ശ്രമം കപ്പല്‍കമ്പനി അധികൃതര്‍ ആരംഭിച്ചു. എന്നാല്‍ ശക്തമായ കടലാക്രമണം ഇതിന് തടസമായിട്ടുണ്ട്.
കൊല്ലത്തു നിന്നോ കൊച്ചിയില്‍ നിന്നോ കപ്പലെത്തിച്ച് ഡോക്ക് നീക്കം ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കരയ്ക്കടിഞ്ഞ ഡോക്ക് കാണാനായി അന്യജില്ലകളില്നിന്നുള്പ്പെടെ ആയിരക്കണക്കിനു പേരാണ് ഇന്നലെയും എത്തിയത്. അമ്പലപ്പുഴ പോലീസും തോട്ടപ്പള്ളി തീരദേശ പോലീസും സ്ഥലത്ത് കാവലുണ്ട്. കൊച്ചിയില്‍ നിന്ന് ഷിപ്പിങ്വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.


