വൈക്കം മുറിഞ്ഞപുഴയില്‍ നിന്ന് ആറ്റില്‍ ചാടിയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചല്‍ സ്വദേശി അമൃതയുടെയും (21) ആലപ്പുഴ പെരുമ്പളം സൗത്ത് ഭാഗത്ത് ആര്യയുടെയും (21) മൃതദേഹമാണ് കണ്ടെത്തിയത്.
അമൃതയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്തുനിന്നായിരുന്നു മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ആര്യ എന്ന പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്നു. അല്പസമയത്തിന് ശേഷമാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. ആര്യയെയും അമൃതയെയും കൊല്ലം ചടയമംഗലത്ത് നിന്നാണ് കാണാതായത്. ശനിയാഴ്ച സന്ധ്യയോടെയാണ് മുറിഞ്ഞപുഴയില്‍ നിന്ന് ഇവര്‍ ആറ്റില്‍ ചാടിയത്.
ശനിയാഴ്ച എട്ട് മണിയോടെയാണ് യുവതികള്‍ മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴയാറിലേക്ക് ചാടിയത്. ഉച്ചമുതല്‍ രണ്ടുപേരെയും പ്രദേശത്ത് നാട്ടുകാര്‍ കണ്ടിരുന്നു. ഏഴ് മണിയോടെ പാലത്തിലൂടെ ഇവര്‍ നടന്നുപോകുന്നതും കണ്ടവരുണ്ട്. അധികം വൈകാതെ ഇരുവരും ആറ്റിലേക്ക് എടുത്തുചാടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ ഒരു തൂവാലയും ചെരുപ്പും പാലത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.


