കണ്ണൂര്‍ പയ്യന്നൂരിലെ അമാന്‍ ജ്വല്ലറിയിലെ നിക്ഷേപ തട്ടിപ്പിനെതിരെ പരാതികളുമായി കൂടുതല്‍ പേര് രംഗത്തെത്തി. വിദേശത്ത് നിന്നടക്കം പതിനഞ്ചു പരാതികളാണ് ഇന്ന് പയ്യന്നൂര്‍ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച ആറു പരാതികളില്‍ വഞ്ചന കുറ്റം ചുമത്തി അന്വേഷണം നടക്കുകയാണ്.
ഇതു വരെ ലഭിച്ച പരാതികള്‍ പ്രകാരം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചന. ചില പരാതികളില്‍ വ്യക്തത കുറവുള്ളതിനാല്‍ വിശദമായ അന്വേഷണത്തിന് ശേഷമെ എഫ്ഐആര്‍ ഇടുകയുളളൂ. അമാന്‍ ഗോള്‍ഡിന്റെ ഡയറക്ടര്‍മാരെ കണ്ടെത്തി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കേസിലെ മുഖ്യപ്രതി മൊയ്തു ഹാജി ഇപ്പോഴും ഒളിവിലാണ്. ഇതുവരെ ആറ് കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ കേസുകള്‍ ഇനി രജിസ്റ്റര്‍ ചെയ്യും. കാസര്‍കോട് ഫാഷന്‍ ഗോള്ഡിന് പിന്നാലെയാണ് കണ്ണൂര്‍ പയ്യന്നൂരില്‍ വന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നത്.
2016 മുതല്‍ 2019 വരെ പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് സമീപത്ത് പ്രവര്‍ത്തിച്ച അമാന്‍ ഗോള്‍ഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി. ജ്വല്ലറി തകരാന്‍ കാരണം ഡയക്ടര്‍മാര്‍ നിക്ഷേപമായി കിട്ടിയ പണം വകമാറ്റി ഉപയോഗിച്ചതുകൊണ്ടാണെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ജ്വല്ലറി പൂട്ടിയെങ്കിലും പണം ഉടന്‍ തിരികെ നല്‍കാമെന്ന് ഉറപ്പ് പറഞ്ഞത്കൊണ്ടാണ് ആരും ഇതുവരെ പൊലീസില്‍ പരാതി നല്‍കാതിരുന്നത്. പൊലീസില്‍ പരാതി എത്തിയതിന് പിന്നാലെ മൊയ്തു ഹാജിയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.


