കോവിഡ് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ കൂട്ടി. മാസ്ക് ധരിക്കാത്തതിനുള്ള പിഴ 200ല്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. പൊതുനിരത്തില്‍ തുപ്പുന്നവര്‍ക്ക് 500 രൂപയാണ് പിഴ. വിവാഹച്ചടങ്ങളിലെ നിയമലംഘത്തിന് പിഴത്തുക ആയിരത്തില്‍ നിന്ന് അയ്യായിരമായി ഉയര്‍ത്തി.
പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന ധാരണയില്‍ സംസ്ഥാനത്ത് കൊവിഡ് നിയമ ലംഘനം വ്യാപകമായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് വഴിവയ്ക്കരുതെന്നും സര്‍ക്കാര്‍ കരുതുന്നു. പിഴത്തുക കുത്തനെ ഉയര്‍ത്തുന്നതിലൂടെ നിയമലംഘകരെ വരുതിയിലാക്കാമെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.
വിവാഹച്ചടങ്ങില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ കൂടിയാല്‍ 5000 രൂപ പിഴ ഈടാക്കും. ആയിരത്തില്‍ നിന്നാണ് പിഴത്തുക അയ്യാരത്തിലേയ്ക്കുയര്‍ത്തിയത്. മരണച്ചടങ്ങുകളിലെ നിയമ ലംഘത്തിന് പിഴ 2000 രൂപയായും പൊതു ചടങ്ങുകളില്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. കടകളുടെ മുന്പില് സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കില്‍ 3000 രൂപയും നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസോ തുറന്നാല്‍ 2000 രൂപയുമാണ് പിഴ. ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാല്‍ 5000, ക്വാറന്റീന് ലംഘനത്തിന് 2000, ലോക്ക് ഡൗണ്‍ ലംഘനത്തിനും രോഗവ്യാപന മേഖലകളില്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താലും 500 രൂപ വീതവും പിഴയൊടുക്കണം.