2021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രിയായ എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു. ഒ. പനീര്‍ ശെല്‍വം ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടിയുടെ നേതൃപദവി ഒ പനീര്‍ശെല്‍വത്തിനു നല്കാന് അണ്ണാഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ധാരണയായി. ഇപിഎസ്സും ഒപിഎസ്സും ചേര്‍ന്നാണ് പാര്‍ട്ടി ആസ്ഥാനത്ത് വച്ച് ഈ പ്രഖ്യാപനം നടത്തിയത്. ബിജെപിയുടെ കേന്ദ്രനേതാക്കള്‍ ഇന്ന് രാവിലെ ഇരുനേതാക്കളുമായി ബന്ധപ്പെട്ടതായാണ് സൂചന. ഒന്നിച്ചുപോയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന കര്‍ശന നിര്‍ദേശം ബിജെപി നല്‍കിയതിനെത്തുടര്‍ന്നാണ് സമവായമായതെന്നാണ് സൂചന.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിക്കണമെന്നായിരുന്നു പനീര്‍ സെല്‍വത്തിന്റെ ആവശ്യം. ഇതില്‍ 6 പേര് ഇപിഎസ്സ് വിഭാഗത്തില്‍ നിന്നാണ്. 5 പേര് ഒപിഎസ്സ് വിഭാഗത്തില്‍ നിന്നും. 2017 ല്‍ ഇപിഎസ്-ഒപിഎസ് പക്ഷങ്ങള്‍ ലയിച്ചപ്പോള്‍ ഒപിഎസ് ക്യാമ്പ് മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റിയറിംഗ് കമ്മിറ്റിയുടെ രൂപീകരണം.
പി തങ്കമണി, എസ്പി വേലുമണി, ഡി.ജയകുമാര്‍, ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍മാരായി കെപി മുനുസ്വാമി, ആര് വൈതിലിംഗം എന്നിവരാണ് സ്റ്റിയറിംഗ് കമ്മിറ്റിയിലെ പ്രധാനികള്‍. പനീര്‍ സെല്‍വത്തിന് മുഖ്യമന്ത്രി സ്ഥാനം താത്പര്യമുണ്ടായിരുന്നുവെങ്കിലും നിലവില്‍ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിയന്ത്രണം ലഭിച്ചതോടെ തൃപ്തി അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ്, മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം ഡിഎംകെയെ സഹായിക്കുകയേ ഉള്ളൂ എന്ന മുന്നറിയിപ്പ് സമവായത്തിനായി ഓടി നടന്ന എല്ലാ മന്ത്രിമാരും ഇരുപക്ഷത്തിനും നല്‍കിയിരുന്നു. ഇതിന് പിന്നാലെ, ഒന്നിച്ചുനിന്നില്ലെങ്കില്‍ ഒരു പിന്തുണയും കിട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പ് ബിജെപിയും നല്‍കിയെന്നാണ് സൂചന.
ജയലളിതയുടെ മരണശേഷം, അണ്ണാഡിഎംകെയുടെ വോട്ടുബാങ്ക് ചിതറിപ്പോയ സ്ഥിതിയാണ്. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ എല്ലാ ശക്തിയോടെയും പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. കൃത്യമായ ബിജെപി വിരുദ്ധനിലപാടോടെയാണ് ഡിഎംകെ പ്രചാരണം നടത്തുന്നത്.


