മുവാറ്റുപുഴ: സിപിഎം ആയവന ലോക്കല്‍ കമ്മിറ്റി കനിവ് ഭവനപദ്ധതിയില്‍ നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ദാനം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് നിര്‍വ്വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം സി കെ സോമന് അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി കെ ടി രാജന് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി എം ഇസ്മയില്‍, പി ആര് മുരളീധരന്, ഏരിയാ സെക്രട്ടറി എം ആര് പ്രഭാകരന്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി എന്‍ മോഹനന്, വി ആര് ശാലിനി, അഞ്ചല്‍പ്പെട്ടി സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി എസ് കെ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
സിപിഎം അഞ്ചല്‍പ്പെട്ടി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന അന്തരിച്ച കാട്ടാംപ്ലായ്ക്കല് കെ എച്ച് ഷംസുദ്ദീന്റെ ഭാര്യ റംലയും രണ്ട് പെണ്മക്കളുമുള്ള നിര്‍ധന കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.കുടുംബത്തിന്റെ മൂന്ന് സെന്റ് സ്ഥലത്ത് 620 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മ്മിച്ചത്.പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നാട്ടുകാരില്‍ നിന്നും സമാഹരിച്ച ഒമ്പത് ലക്ഷം രൂപ മുടക്കിയാണ് കനിവ് ഭവനം ഒരുക്കിയത്. മൂവാറ്റുപുഴ ഏരിയയിലെ പത്താമത്തേതും ജില്ലലയിലെ 111-ാമത്തേയും കനിവ് ഭവനമാണ്.