കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്ട്രേഷന് വകുപ്പിന് കത്ത് നല്കി. ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഈ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്.
ഈ മാസം ഒന്‍പതിന് ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കര്‍ണാടക മയക്കുമരുന്ന് കേസിലെ പ്രതികളും സ്വര്‍ണക്കടത്ത് കേസ് പ്രതികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെളിവ് ലഭിച്ചത്. ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപും ബിനീഷും തമ്മില്‍ അടുത്ത ബന്ധമുള്ളതായും ബിസിനസ് ബന്ധങ്ങളുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.


