പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറി. കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച ഗസറ്റഡ് വിജ്ഞാപനം പുറത്തിറക്കിയത്.
പ്രതികള്‍ക്ക് വിദേശ ബന്ധമുണ്ടെന്നും പണം വിദേശത്തേക്ക് കടത്തിയെന്നും നിക്ഷേപകര്‍ ആരോപിച്ചിരുന്നു. ഉടമകള്‍ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച രണ്ടായിരം കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ഇത് തിരിച്ചു പിടിക്കുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നായിരുന്നു നിക്ഷേപകരുടെ വാദം. കേസ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിന് പിന്നാലെ ഹൈക്കോടതിയെ അറയിച്ചിരുന്നു.
സെപ്റ്റംബര്‍ 16നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഒറ്റ എഫ്ഐആര്‍ ഇടാനുള്ള ഡിജിപിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. ഓരോ പരാതിയിലും പ്രത്യേകം എഫ്ഐആര്‍ ഇടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ ജില്ലാ കളക്ടര്‍മാരും ജില്ലയിലെ പോപ്പുലര്‍ ബ്രാഞ്ചുകള്‍ ഏറ്റെടുത്ത് മുദ്രവയ്ക്കണം. സ്വര്‍ണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.


