മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീല്‍ അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജലീല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണം. ജലീല്‍ സ്വയം രാജിവച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു. അസാധാരണ സാഹചര്യം, ജലീലിന് രാജിയല്ലാതെ ഒരു വഴിയുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു.
മന്ത്രി കെ.ടി. ജലീല്‍ ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ഐഎ ഓഫിസിലെത്തി. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ മുന്‍ എംഎല്‍എ എ.എം. യൂസഫിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറില്‍ മന്ത്രി എത്തിയത്. മതഗ്രന്ഥത്തിന്റെ മറവില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുന്നതിനായി എന്‍ഐഎ വിളിപ്പിച്ചിരിക്കുന്നത്. നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.


