കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസിലെ കെട്ടിടം പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കങ്കണ നല്കിയ ഹര്‍ജി കോടതി നാളെ വിശദമായി പരിഗണിക്കും. എന്നാല്‍, ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇതിനോടകം പൊളിച്ചു നീക്കിയിരുന്നു. അനധികൃത നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ നോട്ടീസ് പതിപ്പിച്ചിരുന്നതായും അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് കടന്നതെന്നാണ് കോര്‍പറേഷന്റെ വാദം.
വിവാദങ്ങള്‍ കത്തിപ്പടരവേ കങ്കണ റണാവത്ത് മുംബൈയിലെ വീട്ടിലെത്തി. വിമാനത്താവളത്തില്‍ നിന്ന് കങ്കണയെ കനത്ത സുരക്ഷയിലാണ് പാലി ഹില്‍സിലെ വീട്ടിലെത്തിച്ചത്. വന്‍പ്രതിഷേധവുമായി ശിവസേന വിമാനത്താവളത്തിനകത്തും പുറത്തും നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് കങ്കണ രംഗത്തെത്തി. വീടുതകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നതെന്ന് ഉദ്ധവിനോട് കങ്കണ ചോദിച്ചു. ഇന്ന് തന്റെ വീട് തകര്‍ന്നതുപോലെ നാളെ ഉദ്ധവിന്റെ അഹങ്കാരം തകരുമെന്നും കങ്കണ പറഞ്ഞു.
ബി.എം.സി പൊളിച്ച ഓഫിസിന്റെ ദൃശ്യങ്ങള്‍ കങ്കണ ട്വീറ്റ് ചെയ്തു. ഓഫിസ് പൊളിക്കുന്നത് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നാളെ വൈകിട്ട് മൂന്നുമണിക്ക് ഹര്‍ജി വീണ്ടും പരിഗണിക്കും. കൂടുതല്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ബിഎംസി നോട്ടിസ് നല്‍കിയിരുന്നു.
മുംബൈയെ പറ്റി കങ്കണ മുന്‍പ് നടത്തിയ പരാമര്‍ശങ്ങള്‍ ഇന്നും ആവര്‍ത്തിച്ചു. മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച കങ്കണയുടെ ട്വീറ്റായിരുന്നു വിവാദത്തിന്റെ തുടക്കം. നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടതായിരുന്നു ട്വീറ്റ്.


