കരിപ്പൂര്‍ വിമാനദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രി ക്വാറന്റീനില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ശനിയാഴ്ച നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ തിരുവനന്തപുരത്ത് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.
വിമാന അപകടം നടന്നതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പോകും.
മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് കളക്ടര്‍ ഉള്‍പ്പെടെ 20ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.


