തിരുവനന്തപുരത്ത് പോലീസിന് വ്യാജ സന്ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരെ നടപടിയെടുത്തു. പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്ട്രോള് റൂമിലെ 112 എന്ന നമ്പരിലേയ്ക്ക് വ്യാജസന്ദേശങ്ങള്‍ നല്കിയ രണ്ട് പേര്‍ക്കെതിരെയാണ് നടപടി.
ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റു ചെയ്തു. ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട് ജില്ലയിലെ കല്‍പ്പറ്റ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്നാണ് വ്യാജസന്ദേശങ്ങള്‍ പ്രതികള്‍ അയച്ചത്.
അടിയന്തിര സഹായ അഭ്യര്‍ത്ഥനകളും പരാതികളും പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന നമ്പരാണ് 112 എന്ന ടോള്‍ഫ്രീ നമ്പര്‍. ഈ നമ്പരില്‍ വ്യാജസന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.


