ആനാട് യുവാവ് കൊവിഡ് ഐസോലേഷന് വാര്‍ഡില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിയുമായി കുടുംബം. കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത ഉണ്ണിയുടെ കുടുംബമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മനുഷ്യാവകാശ കമീഷനും പൊലീസിനും പരാതി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ണിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഒളിച്ച് കടന്ന് ആനാടെത്തിയ യുവാവിനെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കല്ലെറിഞ്ഞെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ ഉണ്ണിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഉണ്ണി ആത്മഹത്യ ചെയ്തതെന്ന് പരാതിയിലുണ്ട്. കൊവിഡ് ഭേദമായി ആശുപത്രി വിടാനിരുന്ന യുവാവാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വ്യാഴാഴ്ച ഉണ്ണിയുടെ സംസ്കാര ചടങ്ങിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ബന്ധുക്കള്‍ തടഞ്ഞിരുന്നു.
ഉണ്ണി കോവിഡ് ബാധിതനാണ് അറിഞ്ഞതുമുതല്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും ഉണ്ണിയുടെ കുടുംബത്തെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആശുപത്രിയില്‍ നിന്ന് ഉണ്ണി നാട്ടിലെത്തിയ വിവരം അറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ണിയുടെ വീട്ടില്‍ വരികയും അമ്മയെ കാണാനാണ് താന്‍ വന്നതെന്നും ഉപദ്രവിക്കരുതെന്നും ഉണ്ണി പറഞ്ഞെങ്കിലും സ്ഥലംവിട്ടില്ലെങ്കില്‍ തല്ലിയോടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്തെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിന്നീട് ആരോഗ്യപ്രവര്‍ത്തകരും പൊലീസുമെത്തിയാണ് ഇയാളെ രക്ഷിച്ച് വീണ്ടും ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകുകയായിരുന്നു.


