ആർഎസ്എസ് പ്രചാരകൻ ആയിരുന്ന ആർ. വേണുഗോപാൽ (96) അന്തരിച്ചു. ബിഎംഎസ് മുൻ അഖിലേന്ത്യ വർക്കിങ് പ്രസിഡന്റ്, കേസരിയുടെ മുഖ്യ പത്രാധിപർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. കൊച്ചിയിലെ മാധവ നിവാസിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് പച്ചാളം ശ്മശാനത്തിൽ നടക്കും.
കൊല്ലങ്കോട് രാവുണ്യാരത്ത് തറവാട്ടിൽ നാണിക്കുട്ടിയമ്മയുടെയും നിലമ്പൂർ കോവിലകത്ത് കൊച്ചുണ്ണി തിരുമുൽപ്പാടിന്റെയും മകനായി 1925ലാണ് ആർ വേണുഗോപാലിന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
1946ൽ സംഘപ്രചാരകനായി. 1965ൽ പി പരമേശ്വരന്റെ സഹായിയായി ഭാരതീയ ജനസംഘത്തിന്റെ ചുമതല ഏറ്റെടുത്തു. 1967ൽ ഭാരതീയ മസ്ദൂർ സംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. ബിഎംഎസ് സംസ്ഥാന ജനറർ സെക്രട്ടറിയായും ദേശീയ സംഘടനാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.


