കൊച്ചി∙ ആലുവ മണപ്പുറം പാലം നിർമാണത്തിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയിട്ടില്ലെന്ന് വിജിലൻസിൻ്റെ കണ്ടെത്തൽ. ആരോപണങ്ങളിൽ കഴമ്പില്ലെന്നും അന്വേഷണം ആവശ്യം ഇല്ലെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. വി.കെ. ഇബ്രാഹിം കുഞ്ഞ്, ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവർക്കെതിരെ പൊതു പ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളി ആണ് അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാൻ വിജിലൻസ് കോടതിയെ സമീപിച്ചത്.
പാലം നിർമാണത്തിൽ അഴിമതി ഉണ്ടെന്നും മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണം എന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആണ് വിജിലൻസ് ഇബ്രാഹിംകുഞ്ഞിന് ക്ലീൻ ചീറ്റ് നൽകിയത്. പാലം നിർമാണത്തിൽ അഴിമതി ഇല്ലെന്ന പൊതുമരാമത്തു വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് വിജിലൻസ് നടപടി. പ്രാഥമിക അന്വേഷണത്തിൽ അഴിമതി കണ്ടെത്താനായിട്ടില്ലെന്നും ഈ സാഹചര്യത്തിൽ കേസ് തുടരേണ്ടതില്ലെന്നുമാണ് പൊതുമരാമത്തു വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് സുനിൽ തോമസ് വിജിലൻസിന് നിർദേശം നൽകി.
ഈ കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാതിരുന്നതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ആലുവ മണപ്പുറത്തു നടപ്പാലം നിർമിക്കാൻ പ്രവർത്തി പരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകിയെന്നാണ് ഹർജിയിലെ ആരോപണം. ഇതുവഴി സർക്കാരിന് 4.2 കോടിയുടെ നഷ്ടം ഉണ്ടായെന്നും ഹർജിയിൽ പറയുന്നു.