മറ്റൊരു വിവാഹം കഴിക്കാനായാണ് ഉത്രയെ കൊന്നതെന്നാണ് ഭര്‍ത്താവ് സൂരജ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ഉത്രയും ഭര്‍ത്താവും തമ്മില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. 10,000 രൂപയ്ക്ക് സൂരജ് പാമ്പിനെ വാങ്ങിയത് കല്ലുവാതുക്കല്‍ സുരേഷ് എന്ന പാമ്പ് പിടുത്തക്കാരനോടായിരുന്നു. യൂട്യൂബില്‍ വീഡിയോ നിര്‍മ്മിക്കാനാണ് എന്ന് പറഞ്ഞാണ് ഇയാള്‍ പാമ്പിനെ വാങ്ങിച്ചത്. കരിമൂര്‍ഖനെയാണ് ഇയാള്‍ വാങ്ങിയത്. ഉത്ര നല്ല ഉറക്കത്തിലായിരുന്നപ്പോള്‍ ഇയാള്‍ കുപ്പിയില്‍ കൊണ്ടുവന്ന മൂര്‍ഖനെ ഉത്രയുടെ ശരീരത്തിലേയ്ക്ക് ഇടുകയായിരുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിലാണ് ഉത്രയെ കൊല്ലാനുള്ള പദ്ധതി ഇയാള്‍ തയ്യാറാക്കിയത്. ഉത്രയെ ആദ്യം അണലി പാമ്പ് കടിച്ചതും ഇയാളുടെ പ്ലാനായിരുന്നു. പക്ഷേ അന്ന് ഉത്ര മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആദ്യ പരിശ്രമം പാളിപ്പോയപ്പോള്‍ ഇനി ഒരു അവസരത്തിനായി സൂരജ് കാത്തിരുന്നു.
ഉത്രയെ കരിമൂര്ഖന് കൊത്തുന്നത് സൂരജ് നോക്കിനില്ക്കുകയായിരുന്നു. രാവിലെ മകളെ കാണാതെ അമ്മ മുറിയില്‍ ചെന്നപ്പോള്‍ മകള്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു. ആശുപത്തിയിലെത്തിച്ചപ്പോഴേയ്ക്കും ഉത്ര മരിച്ചിരുന്നു. തുടര്‍ന്ന് മുറിക്കുള്ളിലെ കരിമൂര്‍ഖനെ സൂരജും നാട്ടുകാരും കൂടി തല്ലിക്കൊല്ലുകയായിരുന്നു. ഉത്രയുടൈ ഭര്‍ത്താവും വീട്ടുകാരും ഉത്രയെ ഉപദ്രവിച്ചിരുന്നു.
മകള്‍ക്ക് വിവാഹ സമ്മാനമായി നല്കിയ 100 പവന് സ്വര്‍ണ്ണത്തില്‍ 90 പവനോളംസൂരജ് ലോക്കറില്‍ നിന്ന് ഉത്ര മരിക്കുന്നതിന് മുന്‍പ് തന്നെ എടുത്തിരുന്നു. ഇതറിയാവുന്ന ഉത്രയുടെ മാതാപിതാക്കള്‍ മകളുടെ മരണത്തില്‍ സംശയം തോന്നി പരാതി നല്‍കിയതിന്റെ വെളിച്ചത്തില്‍ പോലീസ് അന്വേഷിക്കുകയും സത്യം തെളിയുകയും ചെയ്തിരിക്കുകയാണ്. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കുറ്റകൃത്യത്തിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നത്. അന്വേഷണത്തില്‍ വളരെ തൃപ്തിയുണ്ടെന്നും ഉത്രടെ അച്ഛന് പറഞ്ഞു.


