തിരുവനന്തപുരം: മൃതസഞ്ജീവനിയുടെ നേത്യത്വത്തില്‍ 2020-ലെ ഏഴാമത്തെ അവയവദാനം അരുണ്‍ വര്ഗീസിലൂടെ. കൊല്ലം കടവൂര്‍ പെരിനാട് കാട്ടുവിള പുതുവല്‍ വീട്ടില്‍ അരുണ്‍ വര്‍ഗീസ് (32) ബൈക്കപടകത്തില്‍ പരിക്കേറ്റ് മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറായത്. അങ്ങനെ അരുണ്‍ വര്‍ഗീസിന്റേത് ഈ വര്‍ഷം മൃതസഞ്ജീവനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത്തെ അവയവ ദാനമായി. കൊറോണക്കാലത്തെ നാലാമത്തേതും. അരുണിന്റെ രണ്ടു വൃക്കകളാണ് ദാനം ചെയ്യുന്നത്. ഒരു വൃക്ക കൊല്ലം മെഡിസിറ്റിയിലും മറ്റൊന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിയ്ക്കുമാണ് നല്‍കിയത്. കൊല്ലം ഡി എം ഒ ഡോ മണികണ്ഠന്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഹരി എന്നിവരുടെ ഇടപെട്ട് മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള എം പാനല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയതോടെ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കാനായി.
മേയ് ഒന്നിന് അരുണും സുഹൃത്ത് ശരത്തും യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് ഇരുവര്‍ക്കും സാരമായി പരിക്കേറ്റത്. ശരത്തും ഗുരുതരാവസ്ഥയില്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. രണ്ടു പേരും അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കര്‍മാരാണ്. അരുണിന്റെ ബന്ധുക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തിരുവനന്തപുരത്തു നിന്നും മെഡിസിറ്റിയിലെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഭാര്യ: ഗീതു രാജ്
അഞ്ചുമാസം പ്രായമുള്ള ആന്‍ മകളാണ്. സംസ്കാരം തിങ്കളാഴ്ച കടവൂര്‍ പള്ളിയില്‍ നടക്കും.


