തൊടുപുഴ: ലോക്ക്ഡൗണ്‍ മൂലം കേരളത്തിലെ ദൈനംദിന വരുമാനക്കാരായ സാധാരണ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് തൊഴിലാളി കുടുംബങ്ങള്‍ വളരെ ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ ഇവര്‍ക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നല്കി. തൊഴില്‍ ഇല്ലാതെയായിട്ട് ഇന്നേക്ക് 38 ദിവസം പിന്നിടുമ്പോഴും പട്ടിണിയും, കഷ്ടപ്പാടും ആണെങ്കിലും സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവര്‍ വീട്ടില്‍ തന്നെ തുടരുകയാണ്. ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കിട്ടുമെന്ന് പറഞ്ഞിരിക്കുന്ന സഹായം 1000 രൂപ ഇതുവരെ അവര്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല. ക്ഷേമനിധിയില്‍ അംഗത്വമില്ലാത്തവര്‍ക്ക് 1000 രൂപ ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എവിടെ അപേക്ഷിക്കണം എന്ന കാര്യത്തിലും അവ്യക്തത നിലനില്ക്കുന്നു.
കിട്ടിയിരിക്കുന്ന മറ്റൊരു വിവരം ഒരു സംഘടനയിലും ഇല്ലാത്ത ഒരുവിഭാഗം അതിഥി തൊഴിലാളികള്‍ വീട് വീടാന്തരം കയറി ഇറങ്ങി യാതൊരു മാനദണ്ഡവും പാലിക്കാതെ ബാര്‍ബര്‍ തൊഴില്‍ ചെയ്യുന്നതായി ശ്രദ്ധയില്‍വന്നിട്ടുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതില്‍ സംശയമില്ല. ആയതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരു കാരണവശാലും തൊഴിലാളികളെ വീട്ടില്‍ പോയി ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നും, വൈകാതെ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന എല്ലാ മാനദന്ധങ്ങളും പാലിച്ചുകൊണ്ട് ബാര്‍ബര്‍ ഷോപ്പുകള്‍ സമയ ബന്ധിതമായി തുറക്കാന്‍ അനുവദിക്കേണമെന്നും, ബാര്‍ബര്‍-ബ്യൂട്ടീഷ്യന് തൊഴിലാളികള്‍ നിത്യവൃത്തിക്കു ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ അടിയന്തിരമായി 20,000 രൂപയെങ്കിലും പലിശ രഹിത വായ്പ അനുവദിക്കേണമെന്നും, ക്ഷേമനിധിയില്‍ അംഗത്വമില്ലാത്തവര്‍ ഉള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.


