ന്യൂഡല്‍ഹി: ലോകത്താകമാനം കൊറോണ വൈറസ് ഭീതിപരത്തി പടര്‍ന്നതോടെ വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയത് 15 ലക്ഷം പ്രവാസികള്‍. ജനുവരി 18 നും രാജ്യാന്തര വിമാനങ്ങള്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയ മാര്‍ച്ച് 23 നും ഇടയിലാണ് ഇത്രയും പേര് രാജ്യത്തേക്ക് മടങ്ങിയെത്തിയത്. ഇവരെ നിരീക്ഷിക്കാന്‍ കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇവരില്‍ ഭൂരിപക്ഷം പേരും വിദേശയാത്ര കഴിഞ്ഞെത്തിയവര്‍ക്ക് നിര്‍ബന്ധമാക്കിയ ക്വാറന്റൈനിലാണ്. എന്നാല്‍ വിദേശത്തുനിന്നും എത്തിയവരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണവും തമ്മില്‍ അന്തരമുണ്ട്. ഈ അന്തരം രോഗവ്യാപനം തടയാനുളള ശ്രമങ്ങളെ അവതാളത്തിലാക്കുമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ആശങ്ക പ്രകടിപ്പിച്ചു.
വിദേശത്തുനിന്നും എത്തിയ പലരും 14 ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കി. ഇവര്‍ ഇപ്പോള്‍ സുരക്ഷിതരാണ്. എന്നാല്‍ ക്വാറന്റൈന് നിര്‍ദേശങ്ങള്‍ അവഗണിച്ച ചിലര്‍ ഇപ്പോഴും രോഗ വ്യാപനം നടത്താന്‍ സാധ്യതയുള്ളവരാണ്. സൂക്ഷ്മ പരിശോധന ആവശ്യമുണ്ടെന്നും ഇത്തരമാളുകളെ കണ്ടെത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് ഗൗബ നിര്‍ദേശം നല്കി. ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ നല്കിയ കണക്കുപ്രകാരം വിദേശത്തുനിന്നും 15 ലക്ഷം ആളുകളാണ് എത്തിയത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിലുള്ളവര്‍ ഇത്രയില്ലെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാവുന്നത്. വിമാനം വഴി വന്നവരുടെ കണക്കു മാത്രമാണ് 15 ലക്ഷം. മറ്റു മാര്‍ഗങ്ങള്‍ വഴി വന്നവരുടെ കണക്ക് ഇതിലില്ല. ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച പലരും വിദേശയാത്ര കഴിഞ്ഞുവന്നവരാണ്.