മസ്കറ്റ്/ലണ്ടന്‍: രണ്ടു പ്രവാസി മലയാളികള്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിലുള്ള മലയാളി നഴ്സിനും ഒമാനിലുള്ള പ്രവാസി മലയാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ ഇതുവരെ 3,269 പേര്‍ക്കായി രോഗം ബാധിച്ചത്. കൊറോണ ബാധിച്ച് വ്യാഴാഴ്ച മാത്രം 44 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 144 ആയി.
സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്. പനിയും ചുമയും അനുഭവപ്പെട്ട അദ്ദേഹത്തിന്റെ പരിശോധനാ സാമ്ബിളുകള്‍ എടുത്തിരുന്നു. വ്യാഴാഴ്ചയാണ് ആരോഗ്യവകുപ്പ് രോഗവിവരം സ്ഥിരീകരിച്ചത്. മലയാളിയുള്‍പ്പെടെ ഒമ്ബതു പേര്‍ക്കാണ് ഒമാനില്‍ പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 48 ആയി ഉയര്‍ന്നു. 13 പേര് രോഗമുക്തി നേടി.


