തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിക്കെതിരേ വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിക്കൊണ്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്തിനെയാണു പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്?. ഈ പാവങ്ങളോടാണോ ഇത്തരം ക്രൂരത കാണിക്കേണ്ടത്?. എന്തുകൊണ്ടാണു നേരത്തെ വീട് പൂര്‍ത്തിയാക്കാന്‍ യുഡിഎഫ് പണം അനുവദിക്കാതിരുന്നത്?. നാട് സന്തോഷിക്കുന്ന സമയത്ത് ഇതു പ്രതിപക്ഷത്തിന്റെ പതിവാണ്. പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണു വാരിയിടുന്ന പ്രവര്‍ത്തനമാണിത്. ചുമരുണ്ടെങ്കില്‍ മാത്രമേ ചിത്രം വരയ്ക്കാന്‍ പറ്റുകയുള്ളൂവെന്നു പ്രതിപക്ഷം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങള്‍ തുടങ്ങിയ പരിപാടിയില്‍ ബാക്കിയായത് നിങ്ങള്‍ പൂര്‍ത്തിയാക്കിയതല്ലേ എന്നാണു പ്രതിപക്ഷ നേതാവ് ചോദിച്ചത്. ചോദ്യത്തില്‍ കഴന്പുണ്ട്. 2017 മുതല്‍ ഇതുവരെ മൂന്ന് ഘട്ടങ്ങളിലായാണു പദ്ധതി നടന്നത്. ഇതില്‍ പത്തു വര്‍ഷത്തോളം യുഡിഎഫാണു ഭരിച്ചത്. ആരു ഭരിച്ചുവെന്നല്ല, എത്ര വീടുകള്‍ പൂര്‍ത്തിയായി എന്നാണ് എല്‍ഡിഎഫ് പരിശോധിച്ചത്. ക്രെഡിറ്റ് വേണോ, എടുത്തോളൂവെന്നും പ്രതിപക്ഷത്തോടായി മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ലൈഫ് മിഷന് പൂര്‍ത്തീകരണ പ്രഖ്യാപനം തട്ടിപ്പാണെന്നും ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ മേനി നടിക്കുകയാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. സംസ്ഥാന സര്‍ക്കാരിന്റെ സന്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫില്‍ 2,14,000 വീടുകളാണു പൂര്‍ത്തിയാക്കിയത്.