മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും മൂവാറ്റുപുഴ റെഡ്ക്രോസും സംയുക്തമായി പട്ടണശുചീകരണ യാത്രനടത്തി. 130 ജംഗ്ഷനില്‍ യാത്ര നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന് ഫല്‍ഗ് ഓഫ് ചെയ്തു.
ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രാജി ദിലീപ്, കൗണ്‍സിലര്‍മാരായ ജിനു മടേയ്ക്കല്‍, സിന്ധു ഷൈജു, ട്രാഫിക് എസ്ഐ വി.സി. ജോണ്‍, റെഡ്ക്രോസ് താലൂക്ക് വൈസ് ചെയര്മാന് ജിമ്മി ജോസ് ടി എന്നിവര്‍ പ്രസംഗിച്ചു. നിര്‍മല നഴ്സിംഗ് സ്കൂള്‍, സെന്റ് അഗസ്റ്റിയന്‍സ് ഹൈസ്കൂള്‍, നിര്‍മല ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നിനുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കൊപ്പം നഗരസഭാ ചെയര്‍പേഴ്സണും കൗണ്‍സിലര്‍മാരും നഗരശുചീകരണത്തില്‍ പങ്കാളികളായി.
നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ട് ഇത്തരം മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന സന്ദേശം പകര്‍ന്നുകൊണ്ടുള്ള പട്ടണശുചീകരണയാത്ര മൂന്നാം വര്‍ഷമാണ് നടപ്പാക്കുന്നത്. നഗരസഭാ ഓഫീസിന് മുന്നില്‍ പട്ടണശുചീകരണയാത്ര സമാപിച്ചപ്പോള്‍ നാട്ടുകാര്‍കൂടി ഇതില്‍ പങ്കാളികളായെന്നതു ശ്രദ്ധേയമായി.


