പാലക്കാട്: അവിനാശിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസില്‍ സീറ്റ് ബുക്ക് ചെയ്ത ശേഷം അവസാന നിമിഷം യാത്ര ഉപേക്ഷിച്ച ഒരാളേയുള്ളൂ. അത് വടക്കഞ്ചേരി എളവമ്പാടം കൂട്ടപ്പുര വീട്ടില്‍ കെഎ പ്രതീഷ് കുമാര്‍ ആണ്. 13ാം നമ്പര്‍ സീറ്റാണ് പ്രതീഷ് കുമാര്‍ ബുക്ക് ചെയ്തത്. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ പോയ പ്രതീഷ് കുമാര്‍ 19ന് ഉച്ച വരെ അവിടെ ഉണ്ടായിരുന്നു. ഏക മകള്‍ തന്‍വിയുടെ ചോറൂണ് ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്നതിനാല്‍ വ്യാഴാഴ്ച തന്നെ നാട്ടിലെത്താന്‍ അപകടം നടന്ന ബസില്‍ മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്നു.
എന്നാല്‍, അപ്രതീക്ഷിതമായി 20നു തിരുവനന്തപുരത്തു കമ്പനിയുടെ മീറ്റിങ് തീരുമാനിക്കുകയും പ്രതീഷ് കുമാറിനോടു പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതോടെ ബസ് യാത്ര ഉപേക്ഷിച്ച് കൊച്ചുവേളി എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. തിരക്കിനിടയില്‍ ബസ് ടിക്കറ്റ് റദ്ദാക്കാന്‍ മറന്നതിനാല്‍ യാത്രക്കാരുടെ ലിസ്റ്റില്‍ പ്രതീഷ് കുമാറും ഉള്‍പ്പെട്ടിരുന്നു.
തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തയാളുടെ വിവരം അന്വേഷിച്ച് പാലക്കാട് കസബ പൊലീസ് സ്റ്റേഷനില്‍ നിന്നു രാവിലെ 9.30ന് ഫോണ്‍ വരുമ്പോഴാണു പ്രതീഷ് അപകട വിവരം അറിയുന്നത്. 13ാം നമ്പര്‍ സീറ്റിന്റെ തൊട്ടടുത്ത സീറ്റിലെയും തൊട്ടു മുന്നിലെയും പിന്നിലെ രണ്ടു നിര സീറ്റുകളിലെയും യാത്രക്കാര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചു.


