ഭോപ്പാല്‍: ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിന്റെ വസതിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കത്ത്. ഉറുദു ഭാഷയിലുള്ള കത്തിനൊപ്പം തിരിച്ചറിയാനാകാത്ത പൊടിയും കണ്ടെത്തിയിട്ടുണ്ട്. ഭോപ്പാല്‍ എംപിയുടെ വീട്ടിലെ ജീവനക്കാരാണ് കത്ത് കണ്ടെത്തിയത്.
വിവരം അറിയിച്ചതനുസരിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. വീടും പരിസരവും പോലീസ് സംഘം പരിശോധിച്ചു. കത്തും തിരിച്ചറിയാത്ത പൊടിയും ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി(എഫ്എസ്എല്) സംഘത്തിന് അയച്ചിരിക്കുകയാണ്. ഉറുദു കത്തിന്റെ ചിത്രങ്ങള്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ചിത്രങ്ങളും കത്തിലുണ്ട്. ചിത്രങ്ങള്‍ ചുവന്ന പെന്‍ ഉപയോഗിച്ച് വെട്ടിയിരിക്കുന്നതും കാണാന്‍ കഴിയും.
തീവ്രവാദികളാകാം കത്ത് അയച്ചതെന്ന് പ്രഗ്യാ താക്കൂര്‍ പ്രതികരിച്ചു. എന്നാല്‍ ഇത്തരം ഭീഷണികളില്‍ ഭയക്കുന്നില്ലെന്നും ഭോപ്പാല്‍ എംപി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സെഷന് 326, 507 പ്രകാരം ഭോപ്പാല്‍ പോലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.


