ആലപ്പുഴ: ഗവര്‍ണറുടെ യാത്രാ വഴിയില്‍ സുരക്ഷ ഒരുക്കാനെത്തിച്ച പൊലീസ് നായ ചത്ത നിലയില്‍. ആലപ്പുഴ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ആന്റി സബോട്ടാഷ് ചെക്കിങ് സംഘത്തിലെ നായ മൂന്ന് വയസുകാരന് ജൂഡോ എന്ന ബ്ലാക്കി ആണ് ചത്തത്. സ്ക്വാഡിന്റെ വാനിലാണ് ചത്ത നിലയില്‍ നായയെ കണ്ടത്.
കടുത്ത ചൂടു മൂലമുള്ള ഹീറ്റ് സ്ട്രോക്ക് ആകാം മരണകാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. എംസി റോഡ് വഴി കോട്ടയത്തേക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ വാഹന വ്യൂഹം കടന്നു പോകുന്നതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കാണു ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ജൂഡോയെ എത്തിച്ചത്.
ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പരിശോധനയ്ക്കു ശേഷം സംഘം കാരയ്ക്കാട് ഭാഗത്തേക്കു പോയി. ഇതിനിടെ വെള്ളം കൊടുക്കാന്‍ നോക്കുമ്ബോഴാണു ചത്ത നിലയില്‍ കണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനായി വൈകീട്ടു വരെ കാത്തെങ്കിലും നായയുടെ വിവരങ്ങള്‍ അടങ്ങിയ ബുക്ക് ആലപ്പുഴയില്‍ നിന്ന് എത്തിക്കാന്‍ വൈകിയതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താനായില്ല. ജൂഡോയുടെ ജഡം ആലപ്പുഴയിലെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി. ഇന്നു ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആലപ്പുഴയില്‍ സംസ്കരിക്കും. ബോംബ് സ്ക്വാഡില്‍ നായയെ കൈകാര്യം ചെയ്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.