യുവ നടൻ ഷെയ്ൻ നിഗത്തി നെതിരെ നടക്കുന്ന കുപ്രചരണങ്ങൾ ആസൂത്രിത ഗൂഢാലോചനയാണെന്നും വിലക്ക് ഏർപ്പെടുത്തുവാനുള്ള സിനിമാ സംഘടനകളുടെ തീരുമാനം ഒഴിവാക്കണമെന്നും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറിയുമായ എൻ.അരുൺ ആവശ്യപ്പെട്ടു. വെയിൽ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ക്രൂരമായ മാനസീക പീഢനങ്ങൾ ഷെയ്നിന് അനുഭവിക്കേണ്ടി വന്നു എന്നാണ് അറിയുന്നത്.
നിരവധിയായ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ഷൈൻ നിഗം. എന്നാൽ വെയിൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ഷെയ്നെ കുറിച്ച് പരാതി ഉണ്ടായിട്ടുള്ളത്. ഇതിനു മുൻപ് ഷെയ്ൻമായി സിനിമയിൽ സഹകരിച്ച ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. കഴിവു തെളിയിച്ച ഒരു മികച്ച നടനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടന്നു കൊണ്ടിരിക്കുന്നത്. വെയിൽ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ആസൂത്രിത വിവാദങ്ങളാണ് ഷെയ്ന് എതിരായി ഉണ്ടാക്കിയിട്ടുള്ളത്.
ഒരു കുടുംബത്തിന്റെ ആശ്രയമായ ഇരുപത്തൊന്ന് വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിയോട് അനുഭാവ പൂർണ്ണമായ സമീപനമാണ് സംഘടനകൾ സ്വീകരിക്കേണ്ടത്. കഴപ്പക്കാരനെന്ന് മുദ്രകുത്തി ഷെയ്ൻ നിഗത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ഏതു വിധേനയും ചെറുക്കുമെന്നും എൻ.അരുൺ അറിയിച്ചു.

