മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈബ്രറി സ്ഥാപിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാദീപ്തി പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി വിജയികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്ത് മൂവാറ്റുപുഴയുടെ യക്ഷസ് സംസ്ഥാന തലത്തിലേയ്ക്ക് ഉയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കും, ഉപരിപഠനം നടത്തുന്നവര്‍ക്കും സഹായകരമാകുന്ന രീതിയിലുള്ള നിലവരത്തിലാണ് ലൈബ്രറി സ്ഥാപിക്കുന്നത്. 2019-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്നും എം.എല്‍.എ പറഞ്ഞു. വിദ്യാദീപ്തി പദ്ധതിയുടെ ഭാഗമായി ഹയര്‍സെക്കണ്ടറി, വൊക്കേഷ്ണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ പെണ്‍സൗഹൃദ വിശ്രമ മുറികള്‍ സ്ഥാപിക്കും. ഇതിന് പുറമേ അടുത്ത അധ്യായന വര്‍ഷം മുതല്‍ പഠനത്തിലും, സാമ്പത്തീകമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് വിദ്യാദീപ്തി പദ്ധതിയിലൂടെ നടപ്പിലാക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത വഹിച്ചു. വിദ്യാദീപ്തി പദ്ധതി ചെയര്മാന് എന്‍.അരുണ്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.എം.സീതി, ഡി.ഇ.ഒ ഓഫീസ് സൂപ്രണ്ട് ഉല്ലാസ് ചാരുത, വിദ്യാദീപ്തി പദ്ധതി കണ്‍വീനര്‍ ടി.കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജെ.ഷാജു നേതൃത്വം നല്കി.
- നിയോജക മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ജൂണ്‍ മാസത്തില്‍ തന്നെ എം.എല്‍.എ.അവാര്‍ഡ് ആദരിക്കുമെന്നും, പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അടുത്ത ദിവസം തന്നെ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.


