അന്വേഷണ സംഘം വിപുലീകരിക്കുന്നതോടെ, കൂടുതൽ വിവരങ്ങൾ സമഗ്രമായി ശേഖരിക്കാനാകും എന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി ഹരിദാസും റൂറൽ എസ്പി കെ ജി സൈമണും വടകരയിലെ എസ്പി ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തുകയാണ്. ആറ് കൊലപാതകങ്ങൾ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. ഓരോ കൊലപാതകങ്ങളിലും വിശദമായ ഫൊറൻസിക്, ഫോൺ, സൈബർ രേഖകൾ എന്നിവ പ്രത്യേകം സമഗ്രമായി പരിശോധിക്കും. ഓരോ കേസിലും വെവ്വേറെ എഫ്ഐആറുകൾ തയ്യാറാക്കും.
പ്രതികൾക്കായി ടവർ ഡംപ് എന്ന പരിശോധനാ രീതിയും പൊലീസ് അവലംബിക്കും. ഓരോ പ്രതികളും സംശയിക്കുന്ന സമയങ്ങളിൽ എവിടെയായിരുന്നു എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് ഈ ലിസ്റ്റിൽ ഉണ്ടാകുക. മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്. പ്രതികളുടെ വിശദമായ ചോദ്യം ചെയ്യലിന് മുന്നോടിയായാണ് ടവർ ഡംപ് പരിശോധന.


