ദില്ലി: ആദ്യ റഫാൽ യുദ്ധവിമാനം ഫ്രാൻസ് ഇന്ന് ഇന്ത്യയ്ക്ക് കൈമാറും. റഫാൽ വിമാനം ഏറ്റുവാങ്ങാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാൻസിലെത്തി. സൈനികരുടെ പരിശീലനത്തിന് ശേഷം മേയിലാകും റഫാൽ ഇന്ത്യയിലെത്തിക്കുക.
ഏറെ നാളത്തെ വിവാദങ്ങൾക്ക് ശേഷമാണ് റഫാൽ വിമാനം ഇന്ത്യയ്ക്ക് കൈമാറുന്നത്. റഫാൽ വിമാനം സ്വീകരിക്കാനായി ഫ്രാൻസിലെത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാൽ കൈമാറ്റ ചടങ്ങിൽ രാജ്നാഥ് സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലിയും പങ്കെടുക്കും. റഫാൽ വിമാനത്തിൽ പറക്കുന്ന രാജ്നാഥ് സിംഗ് ഫ്രാൻസിൽ ആയുധപൂജയിലും പങ്കുചേരും.
കൈമാറ്റം ഇന്ന് നടക്കുമെങ്കിലും വിമാനം ഇന്ത്യയിലെത്താൻ മെയ് വരെ കാത്തിരിക്കണം. സൈനികരുടെ പരിശീലനം അടുത്ത ആറുമാസം ഫ്രാൻസിൽ നടക്കും. ഇതിനുശേഷം നാല് റഫാൽ വിമാനങ്ങൾ മേയിൽ ഇന്ത്യയിലെത്തിക്കും. 58,000 കോടിയുടെ ഇടപാടിലൂടെ ആകെ 36 റഫാൽ വിമാനങ്ങളാണ് ഫ്രാൻസിലെ ഡാസോ ഏവിയേഷനിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.
അനിൽ അമ്പാനിയുടെ കമ്പനിക്കെതിരെ ഉയർന്ന അഴിമതി ആരോപണം ആദ്യ നരേന്ദ്രമോദി സർക്കാരിനെതിരെ പ്രതിപക്ഷത്തിൻറെ പ്രധാന ആയുധമായിരുന്നു. തെരഞ്ഞെടുപ്പിലെ വൻ വിജയത്തിലൂടെയാണ് ബിജെപി ആരോപണം മറികടന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടെ റഫാൽ ഇന്ത്യ സ്വീകരിക്കുമ്പോൾ രാഷ്ട്രീയ നേട്ടമായി ഇത് ഉയർത്തിക്കാട്ടാനാണ് ബിജെപി നീക്കം.


