സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. കൊച്ചി മരടിലെ ഫഌറ്റുകള്‍ എത്രയും വേഗം പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി. സെപ്റ്റംബര്‍ 20നകം ഫഌറ്റുകള്‍ പൊളിക്കണമെന്നാണ് നിര്‍ദേശം. ചീഫ് സെക്രട്ടറി 23ന് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
മലങ്കര പള്ളിത്തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിക്കും കേരള ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണെന്നും സുപ്രീംകോടതി വിധി മറികടക്കാന്‍ അദ്ദേഹത്തിന് എന്ത് അധികാരമാണ് ഉള്ളതെന്നും സുപ്രീംകോടതി ചോദിച്ചു. ജഡ്ജിക്കെതിരെ നടപടി വേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു.
കണ്ടനാട് പള്ളിത്തര്‍ക്ക കേസില്‍ 2017ലെ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭക്ക് ആരാധന നടത്താനായിരുന്നു 2017ലെ സുപ്രീംകോടതി വിധി. ഈ വിധി നിലനില്‍ക്കെ യാക്കോബായ സഭക്ക് കൂടി ആരാധനക്ക് അനുമതി നല്കി ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ഇടക്കാല ഉത്തരവിറക്കുകയുണ്ടായി. ഇത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് സഭ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഇത്തരത്തില്‍ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കുകയും ചെയ്തു.


