തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ‘റാങ്കുകാരായ’ യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികള്‍ക്ക് ഉത്തരം എസ്.എം.എസായി അയച്ചത് വി.എസ്.എസ്. സിയിലെ കരാര്‍ ജീവനക്കാരനായ നെടുമങ്ങാട് വട്ടക്കരിക്കകം സ്വദേശിയായ 26കാരനാണെന്ന് കണ്ടെത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാള്‍, രണ്ടാം റാങ്കുകാരനും വധശ്രമക്കേസില്‍ പ്രതിയുമായ പി.പി. പ്രണവിന്റെ സുഹൃത്താണ്. ഇരുവരും ഒരുമിച്ച് ഫുട്ബാള്‍ കളിക്കുന്നവരാണ്. പ്രണവിനൊപ്പം ഇയാളും മുങ്ങിയതായാണ് വിവരം.
പരീക്ഷ നടന്ന 2018 ജൂലായില്‍ ഇയാള്‍ പി.എസ്.സി പരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു. പിന്നീടാണ് വി.എസ്.എസ്.സിയില്‍ സാങ്കേതിക വിഭാഗത്തില്‍ ജോലി നേടിയത്. എസ്.എം.എസ് അയച്ച നമ്പരാണ് ഇയാള്‍ പി.എസ്.സിയുടെ അപേക്ഷയിലും ചേര്‍ത്തിട്ടുള്ളത്. ഇയാളെ ഉടന്‍ പിടികൂടണമെന്ന് പൊലീസിനോട് പി.എസ്.സി ആവശ്യപ്പെടും.
പൊലീസ് കോണ്‍സ്റ്റബിള്‍ പഴയ റാങ്ക്ലിസ്റ്റിലെ സപ്ലിമെന്ററി പട്ടികയില്‍ ഇയാളുണ്ടായിരുന്നെങ്കിലും നിയമനം ലഭിച്ചില്ല. ഫയര്‍മാന്റേതുള്‍പ്പെടെ മൂന്ന് റാങ്ക്ലിസ്റ്റുകളില്‍ ഇയാള്‍ ഉണ്ട്.
100 ചോദ്യങ്ങള്‍, 90 ഉത്തരങ്ങള്‍
നൂറ് ചോദ്യങ്ങളില്‍ 90 എണ്ണത്തിനും ഇയാള്‍ മൊബൈലില്‍ ഉത്തരങ്ങള്‍ അയച്ചു. രണ്ടുപേരും ഒരേരീതിയിലാണ് ഉത്തരമെഴുതിയത്. തെറ്റുകള്‍ പോലും ഒരുപോലെയാണ്. ശിവരഞ്ജിത്തിന് 78.33ഉം പ്രണവിന് 78ഉം മാര്‍ക്കാണ് ലഭിച്ചത്. സ്പോര്‍ട്സ് വെയിറ്റേജായ 13.58 മാര്‍ക്കുള്ളതിനാല്‍ ശിവരഞ്ജിത്തിന് ഒന്നാംറാങ്ക് കിട്ടി.
വധശ്രമക്കേസിലെ രണ്ടാം പ്രതിയും 28-ാം റാങ്കുകാരനുമായ നസീം കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയിട്ടില്ല. ഇത് മനഃപൂര്‍വ്വമാകാം. നസീമിന് 65.33മാര്‍ക്കാണ് കിട്ടിയത്. ഇവരെല്ലാം തമ്ബാനൂരിലെ കോച്ചിംഗ് സെന്ററില്‍ പി.എസ്.സി പരീക്ഷാപരിശീലനം നടത്തിയിരുന്നു.
പരീക്ഷയ്ക്ക് നാല് സീരീസിലെ ചോദ്യപേപ്പറുകള്‍ ഉണ്ടാവുമെന്നതിനാല്‍ വി.എസ്.എസ്.സി ജീവനക്കാരനു പുറമെ രണ്ടുപേരെ കൂടി ഉത്തരം അയയ്ക്കാന്‍ ചട്ടംകെട്ടിയിരുന്നു. ഇതില്‍ ഒരാള്‍ പൊലീസുകാരനാണെന്ന് സൂചനയുണ്ട്. എന്നാല്‍ മൂന്ന് പേര്‍ക്കും ഒരേ സീരീസിലെ ( ബി ) ചോദ്യ പേപ്പര്‍ കിട്ടിയതോടെ ഇവരുടെ ആവശ്യം വേണ്ടിവന്നില്ല.
പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന്, പരീക്ഷാനടത്തിപ്പുകാര്‍ ചോദ്യപേപ്പര്‍ വാട്സ് ആപില്‍ ഇയാള്‍ക്ക് കൈമാറുകയും പ്രതികള്‍ സ്മാര്‍ട്ട് വാച്ചില്‍ ഇയാളുടെ എസ്.എം.എസ് സ്വീകരിച്ച് ഉത്തര പേപ്പറിലെ ഓപ്ഷന് ബോക്സ് കറുപ്പിച്ചെന്നുമാണ് കരുതുന്നത്. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പരീക്ഷാകേന്ദ്രത്തില്‍ ഉച്ചയ്ക്ക് 1.45നാണ് ചോദ്യപേപ്പര്‍ പൊട്ടിച്ചത്. ഇത് 20വീതമുള്ള ചെറുപാക്കറ്റുകളാക്കിയാണ് ഹാളുകളിലെത്തിക്കുക. വി. എസ്. എസ്. സി ജീവനക്കാരന് അയച്ച 90 സന്ദേശങ്ങളും 2.15നും 3.15നുമിടയിലായിരുന്നു.
രണ്ടരമുതല്‍ തുടര്‍ച്ചയായി സന്ദേശങ്ങളെത്തി. പരീക്ഷ കഴിഞ്ഞയുടന്‍ പ്രണവിന്റെ ഫോണില്‍ നിന്ന് ഇയാള്‍ക്ക് കാള്‍ പോയതായും കണ്ടെത്തി. പി.എസ്.സിക്ക് മുന്‍പാകെ ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കും.
ഈ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പി.എസ്.സി വിജിലന്‍സ് ഓഫീസര്‍, പി.എസ്.സി ചെയര്മാന് കൈമാറി. ഇത് ഡി.ജി.പി ലോക്നാഥ് ബെഹറയ്ക്ക് കൈമാറും.


