ബെംഗളൂരു:( 23/07/2019) നാടകീയ സംഭവങ്ങള്‍ക്ക് പരിസമാപ്തി. ഷായുടെ കുതിരക്കച്ചവട തന്ത്രത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍. വിശ്വാസവോട്ടെടുപ്പില്‍ ബിജെപിക്കെതിരെ ആറ് സീറ്റിന് പരാജയപ്പെട്ടതോടെ കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ വീണു. 99നെതിരെ 105 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഉടന്‍ രാജിവെക്കും.
നീണ്ട നാളത്തെ രാഷ്ടീയ പ്രതിസന്ധികള്‍ക്കൊടുവിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. ഭരണപക്ഷത്തുണ്ടായിരുന്ന എംഎല്‍എമാരെ ഓപ്പറേഷന് ലോട്ടസിന്റെ ഭാഗമായി ബിജെപി റാഞ്ചിയതോടെയാണ് കുമാരസ്വാമിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. വിശ്വാസ വോട്ടിനെ എതിര്‍ക്കുന്നവര്‍ സഭയില്‍ എഴുന്നേറ്റ് നില്‍ക്കുകയും എണ്ണമെടുക്കുകയും ചെയ്താണ് ഭൂരിപക്ഷം നിര്‍ണയിച്ചത്. മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കാന്‍ തയാറാണെന്ന് വിശ്വാസ പ്രമേയത്തിലുള്ള മറുപടി പ്രസംഗത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യം തന്റെ മനം മടുപ്പിക്കുന്നുവെന്നും സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വിമത എംഎല്‍എമാര്‍ക്ക് വേണ്ടി താന്‍ മാപ്പ് ചോദിക്കുന്നുവെന്ന് കുമാരസ്വാമിയും പോരാട്ടം വിജയിച്ചില്ലെന്നും എന്നാല്‍ ബിജെപിയെ തുറന്നുകാണിക്കാനായെന്നും കോണ്‍ഗ്രസും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം തുടരാനാണ് തീരുമാനം.


