കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് തുടർനടപടികള്‍ സ്വീകരിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പി കെ ശ്യാമളയ്ക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നൽകിയേക്കും. സാജന്റെ ഭാര്യയുടേതടക്കം നിലവിൽ ലഭിച്ച നാല് മൊഴികൾ വിശദമായി പഠിച്ച ശേഷമാണ് ആരോപണ വിധേയരുടെ മൊഴിയെടുക്കാൻ പൊലീസ് ഒരുങ്ങുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. പി കെ ശ്യാമളയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുന്നതിൽ നിയമപരമായ തടസ്സങ്ങളുണ്ടോയെന്നത് പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഏതായാലും ശ്യാമളയ്ക്ക് എതിരെ ഉടനെ കേസെടുക്കൽ ഉണ്ടാകാനിടയില്ല എന്നാണ് സൂചന. സാജന്റെ കുടുംബാംഗങ്ങൾ ശ്യാമളക്കെതിരെ മൊഴി നൽകിയതിനെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്. നാർക്കോട്ടിക് ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കേസില്‍ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന് പാറയിൽ ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ കൺവെൻഷൻ സെന്റർ നിർമ്മാണം തുടങ്ങിയത്.


