കണ്ണൂർ/കൊച്ചി∙ പ്രവാസി വ്യവസായി പാറയിൽ സാജൻ ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണു നടപടി. 15 കോടി രൂപ മുടക്കിയ പദ്ധതിക്കെതിരെ മുനിസിപ്പാലിറ്റി സ്വീകരിച്ച നിഷേധാത്മക നിലപാടാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു കരുതേണ്ടി വരുമെന്നും ഭാവി സംരംഭകർക്കു തെറ്റായ സന്ദേശമാണിതു നൽകുന്നതെന്നും വിലയിരുത്തിയാണു നടപടി.
സംഭവത്തില്‍ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്ക്കെതിരെ അച്ചടക്കനടപടിക്കു സാധ്യത. കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമാണ് ശ്യാമള. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നാളെ വിഷയം ചർച്ചയാവും.
പി.കെ.ശ്യാമളയെ പുറത്താക്കണമെന്ന് സിപിഎമ്മിന്റെ കീഴ്ഘടകങ്ങള്‍ ആവശ്യപ്പെട്ടു. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലടക്കം നഗരസഭാധ്യക്ഷയുടെ രാജി ആവശ്യപ്പെട്ടു. പി.െക. ശ്യാമള പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമർശനമുണ്ടായി.


