കണ്ണൂര്‍: പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ കള്ളവോട്ട് ചെയ്തെന്ന എല്‍ഡിഎഫ് പരാതിയില്‍ 12 ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 10മണിക്ക് ഹാജരാകാനാണ് കണ്ണൂര്‍ ജില്ലാകളക്ടര്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. 199 പേരുടെ കള്ളവോട്ട് സിപിഎം ചെയ്തെന്ന യുഡിഎഫ് പരാതിയില്‍ കളക്ടറുടെ തുടര്‍നടപടി പാമ്പുരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും ഉണ്ടാവുക.

വിഷയത്തില്‍ ബൂത്ത് ഏജന്റുമാരുടെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും മൊഴി ജില്ലാ കളക്ടര്‍ രേഖപ്പെടുത്തിയിരുന്നു. ആരോപണ വിധേയരായ 12 ലീഗ് പ്രവര്‍ത്തകരോട് ഇന്ന് പത്തുമണിക്ക് ഹാജരാകാനാണ് കളക്ടര്‍ ആവശ്യപ്പെട്ടത്. ഇവരില്‍ പാമ്പുരുത്തി ഗവണ്മെന്റ് എയുപി സ്കൂളിലെ 166 ആം ബൂത്തില്‍ വോട്ട് ചെയ്ത 11പേരും ചെങ്ങളായിയില്‍ ഇരട്ട വോട്ട് ചെയ്ത അബ്ദുള്‍ക്കാദര്‍ എന്നയാളും ഉള്‍പ്പെടുന്നു.
ഇവരുടെ മൊഴിയെടുത്ത ശേഷം വീഡിയോ ദൃശ്യങ്ങളുടെ വിശദാംശങ്ങളും കൂടി ചേര്‍ത്ത് കള്ളവോട്ട് സ്ഥിരീകരിക്കാനാകുമോ എന്ന കാര്യത്തില്‍ ജില്ലാകളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തടക്കം 199 പേര് കള്ളവോട്ട് നടത്തിയെന്ന തെളിവ് സഹിതമുള്ള കോണ്‍ഗ്രസിന്റെ പരാതി ഇതിന് ശേഷമാകും ജില്ലാ കളക്ടര്‍ പരിശോധിക്കുക.


