കൊച്ചി: ഡബ്ല്യുസിസിയുടെ (വിമന്‍ ഇന്‍ സിനിമാ കലക്ടീവ്) കഴിഞ്ഞ രണ്ടു വര്‍ഷത്തെ പോരാട്ടം സിനിമാമേഖലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയെന്ന് മന്ത്രി കെ.കെ.ശൈലജ. മലയാള സിനിമാ മേഖലയിലെ സ്ത്രീ ശബ്ദമായ ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിവിധ മേഖലകളില്‍നിന്ന് ഒരേസമയം പോരാടിയാല്‍ മാത്രമേ സ്ത്രീപക്ഷ മുന്നേറ്റങ്ങള്‍ വിജയം കാണൂ. ഇത്തരം സംഘടനകളെ മുളയിലേ നുള്ളിക്കളയാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഡബ്ല്യുസിസിക്കെതിരെയും അത്തരം ശ്രമങ്ങളുണ്ടായി. പിടിച്ചുനില്‍ക്കാനാവാതെ ഇവരും പൂട്ടിപ്പോകാനാണു സാധ്യതയെന്ന് ആശങ്കപ്പെട്ടിരുന്നു.
എന്നാല്‍ എല്ലാ എതിര്‍പ്പുകളും അതിജീവിച്ച് ഇവര്‍ക്ക് പിടിച്ചുനില്ക്കാന് സാധിച്ചിരിക്കുന്നു. പഴയകാല തിന്മകള് തിരിച്ചുവരുന്നതിനൊപ്പം ആധുനികാലത്തിന്റെ സവിശേഷതകളായ ചില തിന്മകളും സമൂഹത്തിലേക്കു കടന്നുവരുന്നു. ഇതിനു രണ്ടിനുമെതിരായ പോരാട്ടമാണു സ്ത്രീകള്‍ക്ക് നടത്താനുള്ളത്. ലിംഗനീതി ഉള്‍പ്പടെ ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.
ആര്‍ത്തവം അശുദ്ധമാണെന്നു പ്രചരിപ്പിക്കുന്നതായിരുന്നു അടുത്തകാലത്തു കണ്ട സ്ത്രീവിരുദ്ധത. ഇതു തിരഞ്ഞെടുപ്പില്‍ ആയുധമാക്കരുതെന്ന കര്‍ശന നിര്‍ദേശവുമുണ്ടായിരുന്നു. എന്നാല്‍ ആരെല്ലാം ഇതില്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഇപ്പോള്‍ പറയാനാവില്ല. കുട്ടികള്‍ക്കെതിരായ അതിക്രമം വ്യാപകമായ സാഹചര്യത്തില്‍ അതിനെതിരായ ബോധവല്ക്കരണപദ്ധതിക്കു സര്‍ക്കാര്‍ തുടക്കമിടും. സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന നിര്‍ദേശം വൈകാതെ പൂര്‍ണമായി നടപ്പാക്കും- മന്ത്രി പറഞ്ഞു.
താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്കു മുന്നില്‍ ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി അധ്യക്ഷത വഹിച്ച നടി രേവതി പറഞ്ഞു. ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ല. പ്രശ്നങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അവര്‍ വ്യക്തമാക്കി. ഡബ്ല്യുസിസിയുടെ വെബ്സൈറ്റ് കെ.കെ.ശൈലജ പ്രകാശനം ചെയ്തു. സംവിധായകന് പാ രഞ്ജിത്, സ്വര ഭാസ്കര്‍, ഡോ. ബിജു, ശ്യാം പുഷ്കരന്, ആശ അച്ചി ജോസഫ്, വിധു വിന്‍സന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


