തിരുവനന്തപുരം: രാഷ്ട്രീയ – വ്യക്തിജീവിതത്തില്‍ കെ.എം.മാണി പിന്നിട്ട റെക്കോഡുകള്‍ക്ക് നിരവധിയാണ്. ഒരുപക്ഷേ ഇനിയാര്‍ക്കും തകര്‍ക്കാനാകാത്ത റെക്കോഡായും അത് എന്നും നിലനില്ക്കും. 1975 ഡിസംബര്‍ 26ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ എം മാണി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോര്‍ഡാണ് മറികടന്നത്. 2003 ജൂണ്‍ 22 നായിരുന്നു ഇത്. ഏഴ് മന്ത്രിസഭകളിലായി 6061 ദിവസം മാണി മന്ത്രിപദവിയില്‍ ഉണ്ടായിരുന്നു.
പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും. അച്യുതമേനൊന്റെ ഒരു മന്ത്രിസഭയിലും (455 ദിവസം), കെ.കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം) ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) അദ്ദേഹം മന്ത്രിയായിരുന്നു. ഏറ്റവും കൂടുതല്‍ നിയമ സഭകളില്‍ മന്ത്രിയായെന്ന റെക്കാഡും മാണിക്കുള്ളതാണ്. തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായ അദ്ദേഹം 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളില്‍ മന്ത്രിയായി.
11 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മാണി ആ റെക്കോഡും തന്റെ പേരിലാക്കിയിട്ടുണ്ട്. . 1977-78 ല്‍ മന്ത്രിയായിരിക്കെ രാജിവയ്ക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയില്‍ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ അധികമായി വന്നത്. ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോഡും മാണിയുടെ പേരിലാണ് 1964ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പില്‍ ഇതുവരെ പരാജയം അറിയാത്ത നേതാവുമാണ്. ഏറ്റവും കൂടുതല്‍ കാലവും (51 വര്‍ഷം) ഏറ്റവും കൂടുതല്‍ തവണ നിയമസഭാംഗം (13 തവണ), കൂടുതല്‍ തവണ (13) ബഡ്ജറ്റ് അവതരിപ്പിച്ചു എന്നീ റെക്കോഡുകളും മാണിയുടെ പേരിലാണ്. പതിനാറര വര്‍ഷം നിയമവകുപ്പും ആറേകാല്‍ വര്‍ഷം ധനവകുപ്പും കൈകാര്യം ചെയ്തത് കെ.എം. മാണിയാണെന്നത് അദ്ദേഹത്തിന്റെ ഭരണപാടവത്തിന്റെ മികവ് വ്യക്തമാക്കുന്നതാണ്.