ചേപ്പനം: ചാത്തമ്മ തെക്കേയറ്റത്തെ എട്ടുപറക്കണ്ടം ചെമ്മീൻകെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചാത്തമ്മ മൈലന്തറ ജയകുമാറിന്റെ മകൻ അശ്വിൻ (13), മുട്ടത്തിൽ ഷാജിയുടെ മകൻ ദിൽജിത്ത് (14) എന്നിവരാണ് മരിച്ചത്. ഇരുവരും പനങ്ങാട് വിഎച്എസ് സ്കൂളിലെ ഒൻപതാം ക്ലസ് വിദ്യാർത്ഥികളാണ്. ഇരുവർക്കും ഇന്ന് പരീക്ഷയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. കരയിൽ ഇരുന്ന സഹപാഠി ശ്രീമോനും കായലിൽ ചൂണ്ടയിടുകയായിരുന്ന പനങ്ങാട് സ്വദേശി സത്യനും ചേർന്നാണ് പരിസരവാസികളെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ദിൽജിത്തിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. അശ്വിന്റെ മൃതദേഹത്തിനായി കെട്ടിൽ വലയിട്ടു. അടിയൊഴുക്കിൽ ദുരേയ്ക്ക് മാറിയ മൃതദേഹം വലയിൽ ഉടക്കി. പനങ്ങാട് പൊലീസും അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.
മൃതദേഹങ്ങൾ ലേക് ഷോർ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും. ആശയാണ് ദിൽജിത്തിന്റെ അമ്മ. സഹോദരി ദിൽന. അശ്വിന്റെ അമ്മ മിനി. സഹോദരൻ അലൻ.


