കോട്ടയം∙ കോട്ടയം ലോക്സഭാ സീറ്റില്‍ ജോസ്.കെ. മാണിയുടെ ഭാര്യ നിഷയെ കോട്ടയത്തു മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായതായാണു സൂചന. ജോസഫ് വിഭാഗം പാര്‍ട്ടിവിട്ടു പോകണമെന്ന നിലപാടിലേക്ക് മാണി വിഭാഗവും മാറുന്നതായാണു സൂചന. കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ച.

സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി നിർത്തുന്നതിലൂടെ കോട്ടയം സീറ്റു പിടിക്കാനുള്ള ജോസഫിന്റെ ശ്രമങ്ങൾ പാഴ്വേലയാണെന്ന സന്ദേശമാണ് മാണി ഗ്രൂപ്പ് നൽകുന്നത്. ജോസഫിനെ വെല്ലുന്ന സ്ഥാനാർഥിയെ സ്വന്തം പാളയത്തിൽ നിന്നു കണ്ടെത്താനാണ് ഇപ്പോൾ മാണിയുടെ ശ്രമം. മുൻ എംഎൽഎമാരായ മുതിർന്ന നേതാക്കളെയാണ് മാണി ആദ്യഘട്ടത്തിൽ കോട്ടയം സീറ്റിലേക്കു പരിഗണിച്ചത്.
പി.ജെ.ജോസഫ് കോട്ടയം സീറ്റിനായി പിടിമുറുക്കിയതോടെ പദ്ധതികൾ പാളി. ജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്നു ഘടകകക്ഷികളും ശാഠ്യം പിടിച്ചതോടെ മാണി സമ്മർദത്തിലായി. തുടര്‍ന്നാണു കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള തീരുമാനം. കോട്ടയത്തെ സ്ഥാനാര്‍ഥി മാണിയുടെ കുടുംബത്തില്‍ നിന്നായേക്കുമെന്ന് ജോസഫും കൂട്ടരും നേരത്തേ തിരിച്ചറിഞ്ഞതായും പറയപ്പെടുന്നു.


