മൂവാറ്റുപുഴ: എല്‍.ഇ.ഡി ബള്‍ബ് തട്ടിപ്പുകേസിലെ പ്രതി ഡല്‍ഹിയില്‍ പിടിയില്‍ തട്ടിപ്പുകേസുകെസുകള് അന്വേഷിക്കുന്നതിന് മുവാറ്റുപുഴ ഡി.വൈ.എസ്.പി. കെ.എം.ബിജുമോന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കണ്ണൂര്‍, ഇരിട്ടി, കണിച്ചാര്‍, കുളക്കാട് കരയില്‍ ഓടപ്പുഴ ജോബി പൈലി(35)നെ പിടികൂടിയത്. ഡല്‍ഹി ദ്വാരക സെക്ടര്‍ 45 ല്‍ പാലം വില്ലേജില്‍ മഹവീര്‍ എന്‍ക്ലേവ് ഭാഗത്തു റോയല്‍ അപ്പാര്‍ട്മെന്റില്‍ ഫ്ലാറ്റ് നമ്പര്‍ 204 ല്‍ താമസിക്കുകയായിരുന്ന പ്രതിയെ തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്നും പിടികൂടി വിമാനമാര്‍ഗം ചൊവ്വാഴ്ചയാണ് മുവാറ്റുപുഴയില്‍ എത്തിച്ചത്.
പ്രതിയെ തിരക്കി തമിഴ്നാട് പോലീസും , കോട്ടയം പോലീസും ഡല്‍ഹിയിലെത്തി അന്വേഷണം നടത്തിയിരുന്നെങ്കിലും പല പേരുകളില്‍ തട്ടിപ്പ് നടത്തുകയും ഓരോ തട്ടിപ്പുകള്‍ക്കും ഓരോ സിം കാര്‍ഡും ഓരോ ഫോണും ഉപയോഗിക്കുകയും ഉപയോഗിച്ച ശേഷം ആവ നശിപ്പിച്ചു കളയുകയും ചെയ്തിരുന്ന പ്രതിയെ പിടികൂടുവാന്‍ കഴിഞ്ഞിരുന്നുല്ല. ഇയാള്‍ക്കെതിരെ കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി പോലീസ് സ്റ്റേഷനുകളില്‍ കേസുകളും പരാതികളും നിലവിലുണ്ട്.
തട്ടിപ്പിങ്ങനെ..
എല്‍.ഇ.ഡി.യൂണിറ്റ് ഇട്ട് തരാമെന്ന് പറഞ്ഞു പത്രത്തില്‍ പരസ്യം കൊടുത്ത ശേഷം ഇരകള്‍ വിളിക്കുമ്പോള്‍ അഡ്രെസ്സ് മാത്രം ചൊദിച്ച ശേഷം കേന്ദ്ര ഗവണ്മെന്റില് നിന്നും കത്ത് വരുമെന്നും അതിന് ശേഷം സംസാരിക്കാമെന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്യും. തുടര്‍ന്ന് ആ വിലാസത്തില്‍ 8 ആം ദിവസ്സം കത്ത് വരുന്നതോടെ ഇരകള്‍ ഇയാളെ വിളിക്കുകയും കത്തില്‍ പറഞ്ഞിരിക്കുന്ന ഏത് യൂണിറ്റ് വേണമെന്നും ഉയര്‍ന്ന വിലയുടെ യൂണിറ്റിന് ഉയര്‍ന്ന ലാഭവും ഉയര്‍ന്ന സബ്സിഡിയും ലഭിക്കുമെന്ന് വിശ്വസിപ്പിക്കുന്നതോടെ തട്ടിപ്പ് ആരംഭിക്കുകയായി. ഇപ്രകാരം 10,50,000-രൂപയുടെ യൂണിറ്റ് എടുക്കുവാന്‍ തയ്യാറായ വാളകം വില്ലേജ് കുന്നയ്ക്കാല്‍ കരയില്‍ ഉജ്ജയിനി അമ്മന്‍ ക്ഷേത്രത്തിന് സമീപം പുളിമൂട്ടില്‍ വീട്ടില്‍ പി.എച്ച്.സജിത്ത് കുമാര്‍ എന്നയാളെ പറഞ്ഞു വിശ്വസിപ്പിച്ചു 5 ലക്ഷം രൂപ ആദ്യം നിക്ഷേപിപ്പിച്ച ശേഷം മെഷീന് വന്നശേഷം ബാക്കി തുക തന്നാല്‍ മതി എന്ന് വിശ്വസിപ്പിച്ചു.
ഇപ്രകാരം മെഷീന് പാര്‍സല്‍ സര്‍വീസില്‍ വരുമെങ്കിലും ഡെലിവറി എടുക്കണമെങ്കില്‍ 5.5 ലക്ഷം കൂടി വേണമെന്നാവശ്യപ്പെട്ട് ആ തുകയും കൂടി അടപ്പിക്കും.തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും 2 വിദഗ്ദ്ധരെത്തി നിര്‍മാണ വിവരങ്ങള്‍ പഠിപ്പിക്കുമെന്നും പറയും. ആരും വരാതാകുമ്പോള്‍ അവരെല്ലാം മറ്റു സംസ്ഥാനങ്ങളിലെ നിര്‍മ്മാണ യൂണിറ്റുകളില്‍ പഠിപ്പിക്കുകയാണെന്നും അവര്‍ പഠിപ്പിക്കാന്‍ വരുന്നതിന് ഇനിയും താമസം ഉണ്ടെന്നും നിങ്ങള്‍ക്ക് ഇത് വളരെ സിമ്പിളായി ചെയ്യാന്‍കഴിയുന്ന കാര്യമാണെന്നും പറഞ്ഞ് ഇയാള്‍ യൂട്യൂബിലെ ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അത് നോക്കി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും, ഇപ്രകാരം വാളകം സ്വദേശി 3000 എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിച്ചശേഷം പ്രതിയെ വിളിച്ചപ്പോള്‍ എല്‍ഇഡി ബള്‍ബുകള്‍ ഡല്‍ഹിയിലേക്ക് കൊറിയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും അത് സ്വീകരിച്ച് മൂന്നാംദിവസം അക്കൗണ്ടില്‍ പണം വരും എന്ന് വിശ്വസിപ്പിക്കുകയുംചെയ്തു .ഡല്‍ഹിയിലെ ഇല്ലാത്ത ഓഫീസിന്റെ വിലാസത്തിലാണ് ഇയാള്‍ തട്ടിപ്പ് നടത്തി കൊണ്ടിരുന്നത്. കൊറിയര്കാര്ക്ക് സംശയം തോന്നാതിരിക്കാന്‍ കൊറിയര്‍ ഓഫീസില്‍ നിന്നും ഫോണ്‍ വന്നാല്‍ ഓഫീസിലേക്ക് നേരിട്ടെത്തി സാധനം കൈപറ്റുകയായിരുന്നു പതിവ്. അതോടെ പ്രതി ആ ഇരയേയും ഫോണും സിമ്മും ഉപേക്ഷിക്കും. ഇംഗ്ലീഷും ഹിന്ദിയും തമിഴ് മുടക്കം നിരവധി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന പ്രതിയുടെ വാക്ചാതുരിയില് ഇരകള്‍ വീണ് പോകുകയായിരുന്നു അനാഥാലയങ്ങളും,വികലാങ്കരും എല്ലാം ഇപ്രകാരം ഇയാളുടെ ചതിയില്‍ പെട്ടിട്ടുണ്ട്.
ഇരകളുടെ ഐഡി പ്രൂഫുകള്‍ ഉപയോഗിച്ച് അവരുടെ വിലാസത്തില്‍ ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ കണക്ഷനുകളും എടുത്തും തട്ടിപ്പ്
അന്വേഷണസംഘത്തെ ഏറ്റവും അമ്പരിപ്പിച്ച വസ്തുത ഇയാള്‍ ഇപ്രകാരം ഇരകളില്‍ നിന്നും കൈക്കലാക്കുന്ന ഐഡി പ്രൂഫുകള്‍ ഉപയോഗിച്ച് അവരുടെ വിലാസത്തില്‍ ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ കണക്ഷനുകളും എടുക്കുകയും അതിലെ ഫോട്ടോയും ഫോണ്‍ നമ്പറും പ്രതിയുടെ തന്നെ കൊടുക്കുകയും ചെയ്തിരുന്നു. ഡല്‍ഹി ദ്വാരക സെക്ടറില്‍ ഉള്ള കാനറാ ബാങ്ക് ശാഖയില്‍ ഇപ്രകാരം ആള്‍മാറാട്ടം നടത്തി കൂത്താട്ടുകുളം സ്വാദേശി ബിജു എന്നയാളുടെ വിലാസത്തില്‍ സംഘടിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കും ഇയാളുടെ കൂട്ട് പ്രതി മധ്യ ഡല്‍ഹി സ്വദേശിയായ അശോക് കുമാര്‍ സോണിയുടെയും വ്യാജവിലാസത്തില്‍ ആണ് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരുന്നത് .ഇയാളെ തട്ടിപ്പില്‍ സഹായിച്ച ഡല്‍ഹി സ്വദേശിയെ പിടികൂടുന്നതിനും വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനും മറ്റുമായി അന്വേഷണസംഘം ഡല്‍ഹിയില്‍ തുടരുകയാണ്.
പിടികൂടിയ പ്രതിയുമായി സബ് ഇന്‍സ്പെക്ടര്‍ എം.എം.അബ്ദുറഹ്മാന് ചൊവ്വാഴ്ച പുലര്‍ച്ചെ മുവാറ്റുപുഴയില്‍ എത്തി. പ്രതിയെ പിടികൂടിയപ്പോള്‍ ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകരും പ്രതിക്കായി രംഗത്തെത്തിയിരുന്നു .ഇത്തരത്തില്‍ തട്ടിപ്പിലൂടെ പ്രതിയും കൂട്ടാളികളും കോടികളാണ് തട്ടിയെടുത്തത് .പ്രതിക്ക് കേരളത്തിലും തമിഴ്നാട്ടിലുമാണ് നിരവധി പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ളതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ നടത്തുമെന്ന് മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ജയകുമാര്‍ അറിയിച്ചു.തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നതിന് രൂപം കൊടുത്ത പ്രത്യേക അന്വേഷണ സംഘം സമീപ നാളുകളില്‍ എ.ടി.എം. തട്ടിപ്പ് കേസിലെ പ്രതി മധ്യപ്രദേശ് സ്വദേശിയെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നും ,മുദ്ര ലോണ്‍ തട്ടിപ്പ് കേസിലെ പ്രതി സിനിമ സീരിയല്‍ നടനെയും പിടികൂടിയത് ഇതേ അന്വേഷണ സംഘമായിരുന്നു.


