ഇടുക്കി: ഇടുക്കി എം പി ജോയ്സ് ജോര്‍ജിന്റെ കുടുംബം ആദിവാസികളെ വഞ്ചിച്ചാണ് കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി കൈക്കലാക്കിയതെന്ന് ഇടുക്കി മുന്‍ ഡി സി സി അധ്യക്ഷന്‍ റോയ് കെ പൗലോസ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രചാരണ വിഷയമായ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം ഉയര്‍ന്ന് വരുന്നത്. ആരോപണങ്ങളെ ചെറുത്തതോടെ ഇടുക്കിയില്‍ വിജയം ജോയ്സ് ജോര്‍ജിനൊപ്പം നിന്നു. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും കൊട്ടക്കമ്പൂര്‍ അമ്പത്തെട്ടാം ബ്ലോക്കിലെ ഭൂമി നിയമപരമായി നേടിയതാണെന്ന് തെളിയിക്കാന്‍ ജോയ്സിനായിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
അത് കോടതിക്ക് വ്യക്തമായത് കൊണ്ടാണ് 24 ഏക്കറിന്റെ പട്ടയം റദ്ദാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂരേഖകളുമായി ഹാജരാകാന്‍ ദേവികുളത്തെ മാറി വന്ന മൂന്ന് സബ് കളക്ടര്‍മാരും നിര്‍ദ്ദേശം നല്‍കിയിട്ടും ജോയ്സ് തയ്യാറായില്ല. 1971ലെ ഭൂനികുതി ചട്ടപ്രകാരം പതിച്ച് കിട്ടിയ 32 ഏക്കര്‍ ഭൂമിയാണ് കൊട്ടക്കമ്പൂരില്‍ ജോയ്സിനും കുടുംബാംഗങ്ങള്‍ക്കുമായുള്ളത്. എന്നാല്‍, 1974 ഭൂസര്‍വേയില്‍ അമ്പത്തെട്ടാം ബ്ലോക്ക് സര്‍ക്കാര്‍ തരിശ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.


