ഇടുക്കി: സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന് എം.എല്‍.എയെ തള്ളി സി.പി.എം. സംഭവത്തില്‍ വിശദീകരണം തേടുമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന് അറിയിച്ചു. തെറ്റായ പരാമര്‍ശം പാര്‍ട്ടി അംഗീകരിക്കില്ലെന്നും എം.എല്‍.എയോട് മോശമായാണോ പെരുമാറിയതെന്ന് നേതൃത്വം പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം എം.എല്‍.എയെ തള്ളി സി.പി.ഐയും രംഗത്തെത്തിയിരുന്നു. സംസ്കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എം.എല്‍.എ എസ് രജേന്ദ്രനെ നിയന്ത്രിക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് ആവശ്യപ്പെട്ടിരുന്നു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവികുളം എം.എല്‍.എ എസ്.രജേന്ദ്രന്‍ കൂട്ടുനില്‍ക്കുന്നത് ശരിയല്ല. പദവിക്ക് ചേരാനാകാത്ത വിധം എം.എല്‍.എ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് വ്യക്തമാക്കിയിരുന്നു.
പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്കിയ സബ് കളക്ടറെ പൊതുജനമധ്യത്തില്‍ വച്ചാണ് എം.എല്‍.എ അപമാനിച്ചത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് എന്‍.ഒ.സി ഇല്ലെന്ന കാരണത്താല്‍ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്.കെ.ഡി.എച്ച് കമ്ബനി പഞ്ചായത്തിന് വിട്ടു നല്കിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതല്‍ മുടക്കില്‍ പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് എന്‍.ഒ.സി വാങ്ങാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്രോപ് മെമോ നല്‍കുകയായിരുന്നു.


