മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം തുടരണമെന്ന് ശിവസേന എംപിമാര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉദ്ധവ് താക്കറെ തന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എംപിമാര്‍ സഖ്യം വേണമെന്ന ആവശ്യം ഉന്നയിച്ചത്. മറാത്തവാഡ, പശ്ചിമ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള എംപിമാരാണ് സഖ്യം അവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉദ്ധവ് താക്കറെയുടേതായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ സഖ്യം സംബന്ധിച്ച് ബിജെപി ആദ്യം നിലപാട് അറിയിക്കട്ടെയെന്ന് മുതിര്‍ന്ന ശിവസേന നേതാവും എംപിയുമായ സഞ്ജയ് റൗത് പറഞ്ഞു.
“ഞങ്ങളുടെ നേതാവ് ഉദ്ദവ് താക്കറെ ആണ്, ഞങ്ങള്‍ പോരാടാന്‍ തയ്യാറാണ്, ഞങ്ങള്‍ പോരാടും, മഹാരാഷ്ട്രയില്‍ ഞങ്ങളാണ് മുതിര്‍ന്ന സഹോദരന്, അത് അങ്ങിനെതന്നെ ആയിരിക്കും, അതനുസരിച്ചായിരിക്കും രാഷ്ട്രീയ നിലപാടുകള്‍” അദ്ദേഹം പറഞ്ഞു. അതേസമയം, ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ അസ്വാരസ്യങ്ങളുടെ മഞ്ഞ് ഉരുകുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ സ്മരകത്തിനായി ദാദറില്‍ കോര്പറേഷന് വിട്ടുകൊടുത്ത ഭൂമി കൈമാറ്റചടങ്ങിലാണ് ഉദ്ധവ് താക്കറെയും, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ഒന്നിച്ചെത്തിയത്. ശിവസേന-ബിജെപി പോര് അവസാനിക്കുന്നതിന്റെ ലക്ഷണമാണ് ഈ വേദി പങ്കിടല്‍ എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ജാല്‍നയില്‍ നടന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ ബിജെപി-ശിവസേന സഖ്യവും സീറ്റു വിഭജനവും സംബന്ധിച്ച ചര്‍ച്ച നടന്നതായാണ് സൂചന. ആകെയുള്ള 48 സീറ്റില്‍ 24 – 24 സീറ്റ് വീതം ഇരു പാര്‍ട്ടികളും മത്സരിക്കുമെന്ന കാര്യത്തില്‍ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല എന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ദാന്‍വേ പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച തുറന്ന ചര്ച്ചയയിരിക്കുമെന്നും ബിജെപി എന്നും ശിവസേനയുമായി സൗഹൃദത്തിലായിരുന്നുവെന്നും, ഈ വിഷയത്തില്‍ തീരുമാനമേടുക്കേണ്ടത് ശിവസേനയാണെന്നും അദ്ദേഹം പറഞ്ഞു.

