വാഴക്കാട് (മലപ്പുറം): ദിവസവും രാവിലെ ബ്രഷ് ചെയ്യുമ്പോള്‍ വായില്‍ നിന്നും സ്വര്‍ണ നിറത്തിലുള്ള ലോഹച്ചീളുകള്‍ തെറിക്കും. വാഴക്കാട് കൂരിത്തൊടിക അബ്ബാസിന്റെ അനുഭവം വാര്‍ത്തയിലൂടെ പുറത്ത് വരുമ്പോള്‍ ഏവര്‍ക്കും കൗതുകത്തേക്കാള്‍ കുടുതല്‍ സംശയമാണ് തോന്നുന്നത്. ഡോക്ടര്‍മാര്‍ക്കും തിരിച്ചല്ല തോന്നുന്നത്. വാഴക്കാട് ബാബുസാന്റകത്ത് കൂരിതൊടിക അബ്ബാസിന്റെ വായില്‍ നിന്ന് രാവിലെ ബ്രഷ് ചെയ്യുമ്ബോഴാണ് സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള തിളക്കമുള്ള വസ്തു ലഭിക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ഈ പ്രതിഭാസം കണ്ടു തുടങ്ങിയിട്ടെങ്കിലും അടുത്ത കാലത്താണ് ഈ ചീളുകള്‍ ശേഖരിച്ചു തുടങ്ങിയതെന്ന് അബ്ബാസ് പറയുന്നു. ഇതിനു പിന്നാലെ സ്വര്‍ണ ചീളുകളുടെ കഥയാണ് സമൂഹ മാധ്യമത്തിലടക്കം ചൂടന്‍ ചര്‍ച്ചയായി മാറുന്നത്. വിദഗ്ധ പരിശോധനയില്‍ യുവാവിന്റെ വായില്‍ നിന്നും ലഭിക്കുന്നത് സ്വര്‍ണമല്ലെന്നും പക്ഷേ ഇതിന് പിന്നില്‍ എന്താണെന്ന് കണ്ടത്താന്‍ ഇതുവരെ സാധിച്ചില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മലപ്പുറം ഡി.എം.ഒ ഉള്‍പ്പെടെ പല ഡോക്ടര്‍മാരും ഇതേക്കുറിച്ച് പഠനം നടത്തിയിട്ടും സ്വര്‍ണ ലോഹത്തിന്റെ പിന്നിലെ ഗുട്ടന്‍സ് പിടികിട്ടിയില്ല. തനിക്ക് ശാരീരികമായി ബുദ്ധിമുട്ടുകളൊന്നും ഇല്ലെങ്കിലും സ്വര്‍ണ ചീളുകളുടെ രഹസ്യമെന്തെന്ന മനസിലാക്കാന്‍ സാധിക്കുന്നില്ലെന്ന് അബ്ബാസ് പറയുന്നു. എന്നാല്‍ സംഗതിക്ക് പിന്നില്‍ എന്താണെന്ന് ചോദ്യം ചെയ്തും ശരീരത്തില്‍ സ്വാഭാവികമായുണ്ടാകുന്നതാണെങ്കില് കൃത്യം ചതുരാകൃതി തന്നെ എങ്ങനെ വരുന്നുവെന്നും ചോദിച്ച് ശാസ്ത്ര ലേഖകനായ ബൈജു രാജ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
ബൈജു രാജിന്റെ ഫേസ്ബുക്ക് കുറിപ്പ്
വായില്‍ നിന്നും ലോഹച്ചീളുകള്‍ !വിശദീകരിക്കാനാവാതെ ഡോക്ടര്‍മാര്‍ ( news )
‘ വായില്‍ നിന്ന് നിത്യവും സ്വര്‍ണ സദൃശ്യമായ ലോഹ ചീളുകള്‍ ലഭിക്കുന്ന അനുഭവമാണ് മലപ്പുറത്തെ ഒരു യുവാവിന് പങ്കു വെക്കാനുള്ളത്.
വാഴക്കാട് ബാബുസാന്റകത്ത് കൂരിതൊടിക അബ്ബാസിന്റെ വായില്‍ നിന്ന് രാവിലെ ബ്രഷ് ചെയ്യുമ്ബോഴാണ് സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള തിളക്കമുള്ള വസ്തു ലഭിക്കുന്നത്. ‘നമ്മുടെ ശരീരത്തില്‍ ഇതുപോലെ ലോഹങ്ങള്‍ താനേ ഉണ്ടാവുമോ ?
മൂത്രാശയത്തില്‍ കല്ല് ഉണ്ടാവാറുണ്ട്. മുത്തുച്ചിപ്പിയില്‍ മുത്തും താനേ ഉണ്ടാവാറുണ്ട്. പക്ഷെ ഇത്.. :
ഇവിടെ ശാസ്ത്രീയമായി.. ഏറ്റവും ലളിതമായ തെറ്റ് എന്താണെന്ന് നോക്കാം.
ഒരു വസ്തു താനേ ഉണ്ടാവുമ്ബോള്‍ അതിന്റെ ആകൃതി ഒന്നുകില്‍ മൂത്രാശയത്തിലെ കല്ലുപോലെ പ്രത്യേക ആകൃതി ഒന്നും ഇല്ലാതെ കല്ലുപോലെ ഇരിക്കും. അല്ലെങ്കില്‍ ഗോളാകൃതിയോ, ഗോളാകൃതി അല്‍പ്പം മാറി മുട്ടയുടേതോ, നദിക്കരയില്‍ കാണുന്ന കല്ലുകള്‍ പോലെയോ ഒക്കെ ആയിരിക്കും.ഇവിടെ ഈ ആളിന്റെ വായില്‍നിന്നു വരുന്നത് കൃത്യമായ ‘ചതുരാകൃതി / ബോക്സ് ‘ ആകൃതി ആണ്. ഇങ്ങനെ ഒരു രൂപം താനേ ഒരിക്കലും ഉണ്ടാവില്ല. ഇത് ഇയാള്‍ അറിഞ്ഞോ, അറിയാതെയോ വായില്‍ ഒളിപ്പിച്ചു വച്ചിട്ട് പുറത്തെടുക്കുന്നതാണെന്നു വ്യക്തം.


