കൊൽക്കത്ത: ബംഗാളിൽ ഹെലികോപ്ടർ ഇറക്കാൻ അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. താഴെ ഇറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. മാൾഡയിലെ ഹബിബ്പൂരില്‍ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഥയാത്രയ്ക്ക് പിന്നാലെ റാലികൾ നടത്തുന്നതിനും മമത സർക്കാർ അനുമതി നിഷേധിച്ചതായി ബിജെപി ആരോപിക്കുന്നു.
മമത ബാനർജി ഭയന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബംഗാളിൽ രഥയാത്ര നടത്താൻ അനുമതി നൽകില്ല. രഥയാത്രയ്ക്ക് അനുമതി നൽകിയില്ലെങ്കിൽ റാലികളും യോഗങ്ങളും നടത്തും. ബിജെപി ബംഗാളിലേക്ക് വരുന്നത്, നിങ്ങൾക്ക് ഒരിക്കലും തടയാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി മമത ബാനർജി ആരോപണങ്ങൾ തളളി രംഗത്തെത്തി. ഗോൾഡൻ പാർക്ക് ഹോട്ടലിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ ഹെലികോപ്ടര്‍ ഇറക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും മമത വ്യക്തമാക്കി.

