ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മൈക്രോവേവ് സ്പെക്ട്രം അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. അനധികൃതമായി മൈക്രോവേവ് സ്പെക്ട്രം അനുവദിച്ചതിലൂടെ 69,381 കോടി രൂപയുടെ അഴിമതി നടത്തി. കേന്ദ്രസര്‍ക്കാരിന് മേല്‍ അഴിമതിയുടെ ചെളിയില്ലെന്ന മോദിയുടെ അവകാശവാദമാണ് പൊളിഞ്ഞതെന്നും കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ എട്ടിന് പാര്‍ലമെന്റില്‍ വെച്ച സിഎജി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് ആരോപണം.
എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി ആദ്യം വന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. 2012ലെ 2ജി സ്പെക്ട്രം കേസിലെ സുപ്രീംകോടതി നിര്‍ദേശം മറികടന്നാണ് സ്പെക്ട്രം വിതരണം നടത്തിയത്. സ്പെക്ട്രം ലേലം ചെയ്യാതെ റിലയന്‍സ് ജിയോയ്ക്ക് നല്‍കിയെന്നും കോണ്‍ഗ്രസ് നേതാവ് പവന് ഖേര ആരോപിച്ചു. 2015ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മൈക്രോ വേവ് സ്പെക്ട്രം അനുവദിച്ചത് ചട്ടലംഘനം നടത്തിയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ മൈക്രോവേവ് സ്പെക്ട്രം അനുവദിച്ചു കൊടുത്തത്. ഇത് സ്വകാര്യ കമ്ബനികള്‍ക്ക് 45,000 കോടിയുടെ ലാഭം നേടികൊടുത്തപ്പോള്‍ പൊതുഖജനാവിന് വന്‍ നഷ്ടമാണ് വരുത്തി വച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

