ന്യൂഡെല്‍ഹി: ബി.ജെ.പിയുമായി കൂട്ടുകൂടില്ലെന്ന് അസം ഗണ പരിഷത്ത് വ്യക്തമാക്കിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കഠിനമാകാൻ സാധ്യത. എ.ജി.പിയെ കൂട്ടിയാണ് അസ്സമിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി വീഴ്ത്തിയത്. അസ്സം നിയമസഭയില്‍ 14 സീറ്റുകള്‍ എ.ജി.പിക്കുണ്ട്.
ബില്ലുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോയതോടെയാണ് എ.ജി.പി കടുത്ത തീരുമാനത്തിലെത്തിയത്. ബില്ലിനെ എതിര്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ബി.ജെ.പി ജനവികാരം മാനിക്കാതെ മുന്നോട്ടുപോയെന്ന് എജി.പി പ്രസിഡന്റും അസം കൃഷി മന്ത്രിയുമായ അതുല്‍ ബോറ പറഞ്ഞു. സംസ്ഥാനത്തും ഡല്‍ഹിയിലും ഇതിനെതിരെ എ.ജി.പി പ്രതിഷേധിക്കുകയും ചെയ്തു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ.ജി.പി ബന്ധം വിട്ടത് ബി.ജെ.പിക്ക് തലവേദനയാകും. അതേസമയം സംസ്ഥാന ഭരണത്തില്‍ ബി.ജെ.പിക്ക് ഭീഷണിയാകില്ല. 126 അംഗ നിയമസഭയില്‍ നിലവില്‍ ബി.ജെ.പിക്ക് 61 സീറ്റാണ് ഉള്ളത്. എ.ജി.പി പോയാലും 12 എം.എല്‍.എമാരുള്ള ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന്റെ പിന്തുണ സര്‍ക്കാരിനുണ്ട്. 14 എം.എല്‍.എമാരാണ് എ.ജി.പിക്ക് ഉള്ളത്. സഖ്യം ഉപേക്ഷിച്ചതോടെ അതുല്‍ ബോറ ഉള്‍പ്പെടെ മൂന്ന് എ.ജി.പി മന്ത്രിമാര്‍ അസം മന്ത്രിസഭയില്‍ നിന്ന് രാജിവെക്കും. ഇതോടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എ.ന്.ഡി.എ സഖ്യം ഉപേക്ഷിച്ച പാര്‍ട്ടികളുടെ എണ്ണം 13 ആയി.

