ദില്ലി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത കലാപം ഇന്ത്യൻ പാർലമെന്റിലെ ഭരണ-പ്രതിപക്ഷ ചേരികളുടെ ശക്തിയെയും സ്വാധീനിക്കും. പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷിയായ തൃണമൂലിൻ്റെ തകർച്ച കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും എൻഡിഎ സഖ്യത്തിനും വലിയ മേൽക്കൈ നൽകുന്നതാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്ന ബിജെപി നേതൃത്വം ടിഡിപി-ജെഡിയു കക്ഷികളെ അമിതമായി ആശ്രയിച്ചിരുന്നു. എന്നാൽ ടിഎംസി എംപിമാർ കൂറുമാറി എൻഡിഎയെ പിന്തുണച്ചാൽ, ഭരണപക്ഷത്തെ സമവാക്യം മാറും. സഖ്യകക്ഷികൾക്ക് ബിജെപിക്ക് മേലുള്ള സമ്മർദ്ദ സ്വാധീനം കുറയും.
മഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുക മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ശിവസേനയെയുമാണ്. ലോക്സഭയിൽ 7 എം.പിമാരുള്ള ഷിൻഡെ വിഭാഗം എൻ.ഡി.എയിലെ നാലാമത്തെ വലിയ കക്ഷിയായിരുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ വിജയം നേടുകയും ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ ഷിൻഡെയുടെ സ്വാധീനം സംസ്ഥാനത്ത് കുറഞ്ഞിരുന്നു. പാർലമെന്റിലെ 7 എം.പിമാരുടെ ബലത്തിലാണ് ഷിൻഡെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നത്. ഇപ്പോൾ പശ്ചിമ ബംഗാളിൽ നിന്ന് വലിയൊരു വിഭാഗം ടിഎംസി വിമതർ ബി.ജെ.പിയെ പിന്തുണയ്ക്കുന്നതോടെ ഷിൻഡെയുടെ സ്വാധീനശക്തി ഇല്ലാതാകും.
പാർലമെന്റിൽ നിർണ്ണായകമായ ഭരണഘടനാ ഭേദഗതികൾ പാസാക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. മുൻപ് ലോക്സഭയിൽ ഈ മേൽക്കൈ ഇല്ലാതെ വന്നപ്പോഴാണ് വനിതാ സംവരണ ഭേദഗതി ബിൽ, മണ്ഡല പുനർനിർണ്ണയ ബിൽ എന്നിവ എൻഡിഎക്ക് പാസാക്കാൻ സാധിക്കാതെ വന്നത്. ടിഎംസി വിമതർ ഒപ്പം ചേരുന്നതോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രധാന ബില്ലുകൾ പാസാക്കിയെടുക്കാൻ എൻഡിഎയ്ക്ക് സാധിക്കും.


