ചെന്നൈ: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം വൈകീട്ട് നാലിന്. സ്വദേശമായ റാണിപ്പേട്ട് ജില്ലയിലെ ചക്കരമല്ലൂരിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഉച്ചയ്ക്ക് ഒരു മണി വരെ ചെന്നൈ ടി നഗറിലെ വസതിയിൽ പൊതുദർശനമുണ്ടാകും. ചെന്നൈയിൽ നിന്ന് വിലാപയാത്രയായിട്ടായിരിക്കും മൃതദേഹം റാണിപ്പേട്ടിലേക്ക് കൊണ്ടുപോകുക.
ഇന്നലെ, മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉൾപ്പെടെ നിരവധി പ്രമുഖർ ദേവയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. മൂന്നര പതിറ്റാണ്ട് നീണ്ട സംഗീത യാത്രയിൽ നാല് ഭാഷകളിലായി നാനൂറിൽ അധികം ചിത്രങ്ങൾക്കാണ് ദേവ സംഗീതം പകർന്നത്. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ദേവയുടെ അപ്രതീക്ഷിത മരണം.
തമിഴ് സിനിമയിലെ വമ്പൻ വിജയങ്ങൾക്കിടയിൽ മലയാളത്തിലും ദേവ തന്റേതായ സംഗീതമുദ്ര പതിപ്പിച്ചു. മലയാളത്തിൽ മൂന്നേ മൂന്ന് ചിത്രങ്ങൾ..പക്ഷേ ഈണങ്ങളുടെ വൈവിദ്യവും മലയാളിത്തവും അയാളെ മലയാളി സംഗീതജ്ഞനാക്കി.1996-ൽ പുറത്തിറങ്ങിയ ദ പ്രിൻസ്, കിംഗ് സോളമൻ,2002ൽ ഫാന്റെം. മോഹൻലാൽ നായകനായ ദ പ്രിൻസി ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ഒന്നിച്ചു. ഒരേസമയം പ്രണയം തുളുമ്പുന്ന ഈണങ്ങൾക്കൊപ്പവും തമിഴിലെ താളപ്രധാനമായ ശൈലിയെ മലയാളത്തിന്റെ കാവ്യാത്മകമായ വരികളോടും മധുരമുള്ള ആലാപനത്തോടും ചേർത്തുവെക്കാനും ദേവയ്ക്ക് കഴിഞ്ഞു.

