ഫുജൈറ: ഡ്യൂട്ടി കഴിഞ്ഞ് ഇലക്ട്രിക് സ്കൂട്ടറില് മടങ്ങവെ കാറിടിച്ച് മൂവാറ്റുപുഴ സ്വദേശി പ്രവാസി യുവാവ് മരിച്ചു. മാറാടി തെള്ളിക്കുന്നേല് റസ്വിന് റഷീദ് (24) ആണ് ഫുജൈറയില് അപകടത്തില്പെട്ട് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല് ബൈക്ക് കൗണ്ടറില് സെയില്സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
നവംബറില് വിവാഹം നിശ്ചയിച്ചിരുന്ന റസ്വിന്, ഏതാനും ദിവസങ്ങള്ക്കകം അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം. മൃതദേഹം ഫുജൈറ ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള് പൂര്ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള് കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് ഗരിയ്യ, ഇബ്രാഹിം ആലമ്പാടി, നിഷാദ് വാഫി എന്നിവരുടെ നേതൃത്വത്തില് നടന്നു വരുന്നു. പിതാവ്: റഷീദ്. മാതാവ്: സീനത്ത്. സഹോദരങ്ങള്: റമീസ്, ഫിദ.

